Thursday, May 16, 2024
spot_img

രാജ്യത്ത് ഏറ്റവും കൂടുതൽ കടബാധ്യതയുള്ള 05 സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം; സംസ്ഥാനം കടമെടുക്കുന്നത് ക്ഷേമ പെൻഷനുവേണ്ടിയല്ല മന്ത്രിമാർക്ക് വിദേശത്ത് ധൂർത്തടിക്കാനാണ്; കേന്ദ്രം വായ്‌പ്പാ പരിധി വെട്ടിക്കുറച്ചെന്ന സംസ്ഥാന സർക്കാരിന്റെ വാദം തെറ്റിദ്ധാരണ പരത്താനെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചെന്നും സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ പ്രചാരണം തള്ളി കേന്ദ്രമന്ത്രി വി മുരളീധരൻ. പിണറായി വിജയൻ സർക്കാരിന്റെ ധൂർത്തും സാമ്പത്തിക കെടുകാര്യസ്ഥതയുമാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കടക്കെണിക്ക് കാരണം കേന്ദ്ര നയങ്ങളാണെന്ന വ്യാജ പ്രചാരണം മുഖ്യമന്ത്രിയും സംസ്ഥാന ധനമന്ത്രിയും അവസാനിപ്പിക്കണം. നടപ്പു സാമ്പത്തിക വർഷം 32442 കോടിരൂപ കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ഇത് കൂടാതെ റീപ്ലേസ്‌മെന്റ് ബോർറോയിങ് ഇനത്തിൽ 20985 കോടിയും, നാഷണൽ പെൻഷൻ സ്‌കീമിനായി 1755 കോടിയും ഉൾപ്പെടെ ആകെ 55182 കോടി വായ്‌പ്പാ പരിധിയായി അനുവദിച്ചിട്ടുണ്ട്. ഇതിൽ 34661 കോടിരൂപ ഇതിനോടകം തന്നെ സംസ്ഥാനം എടുത്തുകഴിഞ്ഞതായും ബാക്കിയുള്ള 20521 കോടി ഓപ്പൺ മാർക്കറ്റ് ബോറോയിങ് നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു. ഓപ്പൺ മാർക്കറ്റ് ബോറോയിങ്ങിൽ മൂന്ന് പാദങ്ങളിലെ തുകയായ 15390 കോടിരൂപ അനുവദിച്ച് കഴിഞ്ഞതായും ബാക്കിയുള്ള 5131 കോടി രൂപ അവസാന പാദത്തിൽ അതായത് 2024 ജനുവരിയിൽ നൽകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് കണക്കുകൾ സഹിതം സംസ്ഥാന സർക്കാരിന്റെ വാദങ്ങളെ കേന്ദ്രമന്ത്രി ഖണ്ഡിച്ചത്. ആർ ബി ഐ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള 05 സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കടമെടുക്കുന്ന ഈ തുകയൊന്നും, ക്ഷേമപെൻഷനു വേണ്ടിയോ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനോ വിനിയോഗിച്ചിട്ടില്ല.കെ വി തോമസിനെ പോലുള്ളവരെ തീറ്റിപ്പോറ്റാനും, പിണറായിക്ക് നീന്തൽക്കുളം പണിയാനും, കുടുംബസഹിതം വിദേശഉല്ലാസയാത്രകൾ നടത്താനുമാണ് ഖജനാവിലെ തുക ഉപയോഗിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ കുടുംബസമേതം നടത്തുന്ന യൂറോപ്യൻ, അമേരിക്കൻ യാത്രകളുടെ പട്ടിക മാദ്ധ്യമപ്രവർത്തകർ പരിശോധിക്കണമെന്നും ധൂർത്തിനു വേണ്ടി പരിധിക്കപ്പുറം കടമെടുപ്പ് അനുവദിച്ചാൽ കേരളം ശ്രീലങ്കയാകുമെന്നും അതിന് കേന്ദ്രസർക്കാർ കൂട്ടുനിൽക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Related Articles

Latest Articles