Tuesday, April 30, 2024
spot_img

നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികം: പ്രചാരണ പരിപാടികൾക്ക് സംസ്ഥാനത്ത് തുടക്കമായി; വികസന പദ്ധതികൾ വിവരിച്ച് കേന്ദ്ര മന്ത്രി ശോഭ കരന്ദ്ലജെയുടെ വാർത്താസമ്മേളനം

തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഭരണനേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രചാരണ പരിപാടികൾക്ക് സംസ്ഥാനത്ത് തുടക്കമായി. കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിവരിച്ച് കേന്ദ്ര കാർഷിക സഹമന്ത്രി ശോഭ കരന്ദ്ലജെയുടെ വാർത്താസമ്മേളനം തിരുവനന്തപുരത്ത് നടന്നു. രാഷ്ട്രീയ പരിഗണനകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നരേന്ദ്രമോദി സർക്കാരിന്റെ പ്രത്യേകതയെന്നും, എം എൽ എ യോ എം പി യോ ഇല്ലാതിരുന്നിട്ടും കേരളത്തിന് വികസനകാര്യത്തിൽ പ്രത്യേക പരിഗണന കേന്ദ്രസർക്കാർ നൽകിയിട്ടുണ്ടെന്ന് അവർ അറിയിച്ചു. രാജ്യത്ത് 3.5 കോടി കുടുംബങ്ങൾക്കാണ് ഈ സർക്കാർ സൗജന്യമായി വീട് വച്ച് നൽകിയത്. 11.72 കോടി ശൗചാലയങ്ങൾ പണിതു. 9.6 കോടി സൗജന്യ ഗ്യാസ് കണക്ഷനുകൾ നൽകി. കോവിഡ് കാലത്ത് 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകി.

രാജ്യം അടിസ്ഥാന സൗകര്യ വികസന രംഗത്ത് കുതിച്ചു ചാട്ടം നടത്തുകയാണ്. 2014 വരെ രാജ്യത്ത് 74 വിമാനത്താവളങ്ങൾ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ 9 വര്ഷം കൊണ്ട് 74 പുതിയ വിമാനത്താവളങ്ങൾ പൂർത്തിയായി. ദേശീയപാതാ നിർമ്മാണത്തിൽ രാജ്യം റെക്കോർഡ് വേഗത കൈവരിച്ചു. ലോകോത്തര നിലവാരമുള്ള 20 വന്ദേഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങി. കഴിഞ്ഞ 9 വർഷം കൊണ്ട് രാജ്യത്ത് 700 മെഡിക്കൽ കോളേജുകളാണ് നിലവിൽവന്നത്. രാജ്യം ഉൽപ്പാദനത്തിന്റെ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്നു. രാജ്യം ഇന്ന് ലോകത്തിലെ അഞ്ചാമത് സാമ്പത്തിക ശക്തിയാണെന്നും രാജ്യസുരക്ഷയിൽ കേന്ദ്ര സർക്കാരിന്റേത് വിട്ടുവീഴ്ചയില്ലാത്ത നിലപാടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി വി രാജേഷ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പ്രചാരണ പരിപാടികളുടെ ഭാഗമായി രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും കേന്ദ്ര മന്ത്രിമാരുടെ വാർത്താസമ്മേളനങ്ങൾ നടത്താൻ ബിജെപി കേന്ദ്ര നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു.

Related Articles

Latest Articles