Tuesday, May 14, 2024
spot_img

‘ചുവന്ന സ്വർണം’ വെള്ളായണിയിലും വിടർന്നു;കിലോയ്ക്ക് വില രണ്ടു ലക്ഷം രൂപയിലേറെ

വെള്ളായണി : കിലോയ്ക്ക് രണ്ടു ലക്ഷത്തിലധികം രൂപ വിലയുള്ളതും ‘ചുവന്ന സ്വർണം’ എന്ന പേരിൽ അറിയപ്പെടുന്നതുമായ കശ്മീർ കുങ്കുമപ്പൂവ് വെള്ളായണി കാർഷിക കോളജിലെ പ്ലാന്റ് ബയോടെക്നോളജി ലാബിൽ പൂവിട്ടു. പ്ലാന്റ് ബയോടെക്നോളജി വിഭാഗം അസി.പ്രഫസർ ഡോ. സ്‌മിതാ ഭാസി നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ ഭാഗമായാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധ വ്യഞ്ജനങ്ങളിലൊന്നായ കുങ്കുമപ്പൂവ് പരീക്ഷണശാലയിൽ വിരിയിച്ചത്. നിയന്ത്രിതകാലാവസ്ഥയിലായിരുന്നു കുങ്കുമപ്പൂവ് വിരിയിച്ചത്. വിത്തു കിഴങ്ങ് കശ്‌മീരിലെ കർഷകരിൽ നിന്നാണ് കാർഷിക കോളേജിൽ എത്തിച്ചത്.

കശ്മീർ കാർഷിക സർവകലാശാല മാർഗനിർദേശങ്ങൾ നൽകി. വളർച്ചയുടെ ഓരോ ഘട്ടത്തിലും കാലാവസ്ഥ കൃത്യമായി തന്നെ ക്രമീകരിച്ചു. പഠനത്തിന് ഉപയോഗിച്ച വിത്തുകൾ എല്ലാം മുളയ്‌ക്കുകയും വളരുകയും ചെയ്‌തു. ടിഷ്യു കൾച്ചറിലൂടെ ടെസ്റ്റ് ട്യൂബിനുള്ളിൽ പൂവിരിയിക്കുന്നതിനുള്ള ശ്രമവും വിജയിച്ചു. ടിഷ്യൂ കൾച്ചറിലൂടെ വിത്ത് ഉൽപ്പാദിപ്പാക്കാനുള്ള ഗവേഷണവും തുടങ്ങിയതായി അധികൃതർ പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിന് കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ വേണം. പഠനം ഫലം കണ്ടാൽ വിവിധ രാജ്യങ്ങൾ വിജയകരമായി നടപ്പാക്കിയ കുങ്കുമപ്പൂവ് കൃഷി രീതി കേരളത്തിലും സാധ്യമാകുമെന്ന് ഡോ. സ്‌മിതാ ഭാസി വ്യക്തമാക്കി.

Related Articles

Latest Articles