Wednesday, May 15, 2024
spot_img

മേഘമലയിൽ തന്നെ തമ്പടിച്ച് അരിക്കൊമ്പൻ; സഞ്ചാരികൾക്കുള്ള നിരോധനം തുടരും

ഇടുക്കി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട അരിക്കൊമ്പൻ മേഘമലയിൽ തന്നെ തുടരുന്നു. കൊമ്പന്റെ നീക്കങ്ങൾ തമിഴ്നാട് വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ചിന്നക്കനാലിലെ പോലെ മേഘമലയിൽ അരിക്കൊമ്പൻ ആക്രമണങ്ങൾ നടത്തുന്നില്ല. അതിനാൽ പെരിയാർ കടുവ സാങ്കേതത്തിലേക്ക് തല്‍ക്കാലം തുരത്തേണ്ടെന്നാണ് തീരുമാനം. അതേസമയം, മേഘമലയിലേക്ക് സഞ്ചാരികൾക്കുള്ള നിരോധനം തുടരും.

ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്. ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വനം വകുപ്പിന്‍റെ നടപടി. മംഗളാദേവി ക്ഷേത്രത്തിന് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്. തുറന്ന് വിട്ടതിന് പിന്നാലെ അരിക്കൊമ്പന്‍റെ സിഗ്നല്‍ ലഭിക്കാതെ വന്നത് വനംവകുപ്പിന് ആശങ്കയായിരുന്നു. പിന്നീട് തമിഴ്നാട് വനംവകുപ്പിന്‍റെ ഒരു സംഘം ഉള്‍കാട്ടിലെത്തി അരിക്കൊമ്പനെ കണ്ടിരുന്നു.

കൊമ്പന്‍ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ വനം വകുപ്പ് നിരീക്ഷണം തുടരുന്നുണ്ട്. 40 പേരടങ്ങുന്ന സംഘത്തെ തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. മേഖലയില്‍ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. രാത്രിയാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. മുന്‍ കരുതലിന്‍റെ ഭാഗമായി മേഘമലയിലേക്ക് കഴിഞ്ഞ ദിവസം മുതല്‍ വിനോദ സഞ്ചാരികളെ കടത്തി വിടുന്നുമില്ല.

Related Articles

Latest Articles