Sunday, May 12, 2024
spot_img

സുഹൃത്തുക്കള്‍ കളിയാക്കിയതിന്റെ വൈരാഗ്യം; ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കി 15 വയസുകാരൻ

തിരുവനന്തപുരം: കളിസ്ഥലത്ത് വച്ച് സുഹൃത്തുക്കള്‍ കളിയാക്കിയതിന്റെ വൈരാഗ്യത്തിൽ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ 15 വയസുകാരൻ റിമാൻഡിൽ. ക്വട്ടേഷന്‍ ഏറ്റെടുത്ത് 15കാരന്റെ സുഹൃത്തുക്കളെ ആക്രമിച്ച ഷെഹിന്‍, അഷ്‌റഫ് എന്നിവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സുഹൃത്തുക്കള്‍ കളിയാക്കിയതിന്റെ പക തീര്‍ക്കാനാണ് വിദ്യാര്‍ത്ഥി ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്. ആക്രമണത്തിൽ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് ഗുരുതരമായി കുത്തേറ്റു. മംഗലപുരം വെള്ളൂരില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിക്കായിരുന്നു സംഭവം. വെള്ളൂര്‍ പള്ളിയില്‍ നിന്നും നോമ്പുതുറയും പ്രാര്‍ത്ഥനയും കഴിഞ്ഞു മടങ്ങുകയായിരുന്നവര്‍ക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. വെള്ളൂര്‍ സ്വദേശികളായ നിസാമുദ്ദീന്‍, സജിന്‍, സനീഷ്, നിഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുത്തേറ്റ നിസാമുദ്ദീന്‍ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. കളിസ്ഥലത്തുണ്ടായ തര്‍ക്കമാണ് പതിനഞ്ചുകാരന്‍ പരിചയക്കാരായ ഗുണ്ടകള്‍ക്ക് ക്വാട്ടേഷന്‍ കൊടുക്കാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.

അക്രമത്തിനു ശേഷം ടെക്‌നോ സിറ്റിയില്‍ ഒളിച്ചിരുന്ന സംഘത്തെ കഴിഞ്ഞ ദിവസം വെളുപ്പിനാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാപ്പാ കേസില്‍ കരുതല്‍ തടങ്കല്‍ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയവരാണ് മംഗലപുരം സ്വദേശികളായ ഷെഹിനും അഷ്‌റഫും. നേരത്തെ ഷെഹിനെ ഒരു വര്‍ഷത്തേക്ക് തടങ്കലില്‍ ഇടണമെന്ന് പോലീസ് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ രണ്ടരമാസമായിട്ടും ആ ശുപാര്‍ശയില്‍ കളക്ടറേറ്റില്‍ നിന്ന് തീരുമാനമുണ്ടായിട്ടില്ല.

Related Articles

Latest Articles