ഐതിഹ്യങ്ങളും വിശ്വാസങ്ങളും പരസ്പരം ഇഴപിരിഞ്ഞ് കിടക്കുകയാണ് കല്ലുത്തിപ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ. പാറയാൽ ചുറ്റപ്പെട്ടു നിൽക്കുന്ന ക്ഷേത്രം പാറക്കൂട്ടത്തിന് നടുവിലെ കുഴിഞ്ഞ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ന് വളരെ മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന ക്ഷേത്രം പണ്ട് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് എന്നാണ് പറയപ്പെടുന്നത്. അക്കാലത്ത് ഇവിടുത്തെ ശില്പങ്ങളും കൽവിഗ്രഹങ്ങളുമെല്ലാം ആരാലും നോക്കാതെ കാടുപിടിച്ചു കിടക്കുമ്പോൾ വന്യമൃഗങ്ങളും വിഷപ്പാമ്പുകളും ഒക്കെയയിരുന്നുവത്രെ ഇത് സംരക്ഷിച്ചിരുന്നത്.
ക്ഷേത്രം ഇപ്പോൾ കാണുന്ന രൂപത്തിലേക്ക് മാറിയിട്ട് വളരെ കുറച്ച് വർഷങ്ങളായതേയുള്ളൂ. പാറക്കൂട്ടങ്ങൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിനു മുകളിലുള്ള പാറയിൽ ഒരു ചെറിയ കുളം കാണാം. കാണുമ്പോൾ വളരെ ചെറുതെന്ന് തോന്നുമെങ്കിലും വേനലെത്ര കടുത്താലും ഇത് വറ്റാറില്ലെന്ന് മാത്രമല്ല, ഏകദേശം നാലാൾ താഴ്ച ഇതിനുണ്ടെന്നാണ് പറയപ്പെടുന്നത്. കാണുമ്പോൾ വെറുമൊരു പാറക്കുളം പോലെയെന്നത് തോന്നൽ മാത്രമാണത്രെ. പണ്ടുളളവർ പറയുന്നതനുസരിച്ച് കടലിൽ ചാകരയുണ്ടാകുന്ന സമയത്ത് ഈ പാറക്കുളത്തിൽ കടലിലെ മീനുകളും വന്നിരുന്നുവത്രെ.

