Wednesday, November 4, 2026

ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണം ! ചിന്മയ് കൃഷ്ണദാസ് പ്രഭുവിന്റെ അറസ്റ്റിൽ പ്രതികരിച്ച് ഇന്ത്യ

ദില്ലി : ബംഗ്ലാദേശിലെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് പ്രമുഖ ഹിന്ദു നേതാവും ഇസ്കോൺ സന്യാസിയുമായ ചിന്മയ് കൃഷ്ണദാസ് പ്രഭുവിനെ ധാക്ക പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് ഇന്ത്യ. ചിന്മയ് പ്രഭുവിന് ജാമ്യം നിഷേധിച്ചത് ശരിയായ നടപടിയല്ലെന്നും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

“ചിന്മയ് പ്രഭുവിന്റെ അറസ്റ്റിന് ശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളുടെ സ്വത്തുക്കള്‍ കൊള്ളയടിക്കുന്നതും അവര്‍ക്കെതിരേ അക്രമം അഴിച്ചുവിടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുകയാണ്. ഇതവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നു. അവരുടെ സുരക്ഷിത്വം ഉറപ്പാക്കണം, സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം സംരക്ഷിക്കണം.

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരെ തീവ്രവാദികൾ നടത്തിയ ഒന്നിലധികം ആക്രമണങ്ങളെ തുടർന്നാണ് ഈ സംഭവം നടക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും തീയിടുകയും കൊള്ളയടിക്കുകയും ചെയ്തതിനും, കവർച്ചകൾ നടന്നതിനും , ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകർക്കപ്പെട്ടതിനും നിരവധി രേഖകളുണ്ട്. എന്നാൽ ഈ സംഭവങ്ങളിലെ കുറ്റവാളികൾ സ്വതന്ത്രരായി തുടരുമ്പോൾ, സമാധാനപരമായ സമ്മേളനങ്ങളിലൂടെ ന്യായമായ ആവശ്യങ്ങൾ അവതരിപ്പിക്കുന്ന ഒരു മതനേതാവിനെതിരെ കുറ്റം ചുമത്തുന്നത് ദൗർഭാഗ്യകരമാണ്. ദാസിൻ്റെ അറസ്റ്റിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും ഞങ്ങൾ ആശങ്കയോടെ നോക്കുകയാണ്”- വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

തങ്ങൾ ആര്യന്മാരാണെന്നും , ഈ മണ്ണിന്റെ യഥാർത്ഥ അവകാശികളാണെന്നും ഈ നാട് വിട്ട് എങ്ങും പോകില്ലെന്നും ചിൻമോയ് കൃഷ്ണ ദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . ഇത് ഇസ്ലാമിസ്റ്റുകളെ വിറളിപിടിപ്പിച്ചിരുന്നു . ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്. അറസ്റ്റിന് പിന്നാലെ ബംഗ്ലാദേശിലെ വിവിധയിടങ്ങളില്‍ വന്‍പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.

രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് കൃഷ്ണദാസ് പ്രഭുവിനെതിരേ എഫ്ഐആര്‍. രജിസ്റ്റര്‍ ചെയ്തത്. ചിറ്റഗോങ്ങിൽ നടന്ന റാലിയിൽ ബംഗ്ലാദേശ് ദേശീയ പതാകയോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് ഒക്ടോബറിൽ കൃഷ്ണദാസ് പ്രഭുവിനെ കസ്റ്റഡിയിലെടുത്തിരുന്നു.അറസ്റ്റ് ബംഗ്ലാദേശിലെയും വിദേശത്തെയും ഹിന്ദു സമൂഹങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ബിജെപി നേതാവ് സുവേന്ദു അധികാരിയും അറസ്റ്റിനെ വിമർശിച്ചു.

Related Articles

Latest Articles