ദില്ലി: സിക്കിമിലെ മിന്നൽ പ്രളയത്തിൽ 40-ഓളം പേർ കൊല്ലപ്പെടുകയും 120 പേരെ കാണാതാവുകയും ചെയ്‌തെന്ന് റിപ്പോർട്ട്. മൂവായിരത്തോളം വിനോദസഞ്ചാരികൾ സിക്കിമിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
നേപ്പാളിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനമാണ് സിക്കിമിലെ പ്രളയത്തിന് കാരണമായതെന്ന് സംശയമുണ്ട്. സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. 11 പേർ മരണപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. 40-ഓളം മരണങ്ങൾ സംഭവിച്ചുവെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും കൃത്യമായ റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതർ അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ 1.30ന് ഉണ്ടായ പ്രളയത്തിൽ വടക്കൻ സിക്കിമിനെ സംസ്ഥാനത്തെ മറ്റുപ്രദേശങ്ങളിൽ നിന്ന് വേർപ്പെടുത്തി ജനജീവിതം അനിശ്ചിതത്വത്തിലാക്കി. പേമാരിയിൽ ഗ്ലേഷ്യൽ തടാകത്തിലെ ജലം കരകവിഞ്ഞൊഴുകി സമീപത്തെ റോഡുകൾക്കും വീടുകൾക്കുമൊപ്പം അണക്കെട്ട് തകരുകയും നാശനഷ്ടങ്ങൾ ഉണ്ടാകുകയുമായിരുന്നു.

