കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്തുവിവരങ്ങൾ കൈമാറാൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വെെസ് പ്രസിഡൻ്റുമായ എം കെ കണ്ണന് ഇ ഡി അനുവദിച്ച സമയപരിധി ഇന്നവസാനിക്കും. ആദായനികുതി രേഖകൾ, സ്വയം ആർജിച്ച സ്വത്തുക്കളുടെ രേഖകൾ, കുടുംബാംഗങ്ങളുടെ ആസ്‌തി സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഇന്ന് വൈകുന്നേരത്തിനുള്ളിൽ കൈമാറാനാണ് ഇഡി നിർദേശം.
മുൻപ് രണ്ടുതവണ നിർദേശം നൽകിയെങ്കിലും സ്വത്തുവിവരങ്ങൾ നൽകിയിരുന്നില്ല. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നാണ് ഇഡി നൽകുന്ന സൂചന. കരുവന്നൂർ സഹകരണബാങ്കിലെ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ എം കെ കണ്ണനെ ഇഡി നേരത്തെ ചോദ്യംചെയ്തിരുന്നു. കരുവന്നൂർ ബാങ്കിൽ വായ്പാതട്ടിപ്പ് നടത്തിയ പി സതീഷ്‌കുമാർ തൃശൂർ സഹകരണബാങ്കിൽ നിക്ഷേപം നടത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. തൃശ്ശൂർ ബാങ്കിൽ ഇ ഡി നടത്തിയ റെയ്‌ഡിൽ രേഖകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുൻ എം എൽ എ കൂടിയായ കണ്ണനെ ചോദ്യംചെയ്തത്.

