Sunday, May 12, 2024
spot_img

തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ വീട് പണി നടക്കുന്നയിടത്ത് തലയോട്ടിയും എല്ലുകളും കണ്ടെത്തിയ സംഭവം ! അന്വേഷണം സങ്കീർണമാകുന്നു ! നിർമ്മാണ സ്ഥലത്തേക്കു മണ്ണ് കൊണ്ടുവന്ന മേഖലകളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ്

തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ വീട് പണി പുരോഗമിക്കുന്ന സ്ഥലത്ത് പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ നിലയിൽ തലയോട്ടിയും എല്ലുകളും ലഭിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി പോലീസ്.

വീട് നിർമ്മാണ സ്ഥലത്തേക്കു മണ്ണ് കൊണ്ടുവന്ന മേഖലകളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം. വൈപ്പിൻ അടക്കമുള്ള മേഖലകളില്‍നിന്ന് തറ നിരത്താനായി മണ്ണ് കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ഇപ്പോൾ കണ്ടെത്തിയ തലയോട്ടിയും എല്ലുകളും ഇത്തരത്തിൽ സംഭവ സ്ഥലത്ത് എത്തിയത് എന്നാണ് പരിശോധിക്കുന്നത്.

പ്രാഥമിക പരിശോധനയിൽ പുരുഷന്റെ തലയോട്ടിയാണു കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കൂ. തലയോട്ടിയും അതു ലഭിച്ച സ്ഥലത്തുനിന്നുള്ള മണ്ണും ഫൊറൻസിക് പരിശോധനകള്‍ക്കായി അയക്കും

കഴിഞ്ഞ ദിവസമാണ് കണ്ണൻകുളങ്ങരയിലെ വീട് നിർമാണം നടക്കുന്ന പുരയിടത്തിൽ‍ പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ നിലയിൽ തലയോട്ടിയും എല്ലുകളും കണ്ടെത്തിയത് . കാഞ്ഞിരമറ്റം സ്വദേശി ഒരു വർഷം മുൻപ് വാങ്ങിയ സ്ഥലമാണിത്. സ്ഥലത്തിന്റെ മുൻ ഉടമസ്ഥനും ഈ പുരയിടത്തിന് സമീപം വീട് നിർ‍മിക്കുന്നുണ്ട്. മൂന്നു മാസം മുൻപ് ജെസിബി ഉപയോഗിച്ച് പറമ്പ് വൃത്തിയാക്കിയിരുന്നു. എന്നാൽ അന്ന് ഇത്തരം വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല .1960നുശേഷം ഈ പറമ്പിൽ മൃതശരീരങ്ങള്‍ സംസ്കരിച്ചിട്ടില്ലെന്ന് മുൻ ഉടമ പറയുന്നു. ഇതോടെയാണ് മണ്ണ് കൊണ്ടുവന്ന മേഖലകളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുന്നത്

Related Articles

Latest Articles