വിദ്യാർത്ഥി സംഘർഷത്തിനു പിന്നാലെ മഹാരാജാസ് കോളേജ് ക്യാമ്പസിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നു. പുതിയ നിയന്ത്രണങ്ങൾ പ്രകാരം വൈകുന്നേരം ആറ് മണിക്ക് ശേഷം വിദ്യാർത്ഥികൾക്ക് ക്യാമ്പസിൽ തുടരാനാകില്ല. ആറു മണിക്ക് ശേഷം ക്യാമ്പസിൽ തുടരണമെങ്കിൽ പ്രിൻസിപ്പലിന്റെ പ്രത്യേക അനുമതി വേണം. സെക്യൂരിറ്റി സംവിധാനവും കർശനമാക്കും. വിദ്യാർത്ഥികൾക്ക് ഐഡി കാർഡും നിർബന്ധമാക്കും. പിടിഎ ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. സംഘർഷത്തെ തുടർന്ന് അടച്ച കോളജ് എത്രയും പെട്ടെന്ന് തുറക്കും. ബുധനാഴ്ച വിദ്യാർത്ഥി സംഘടനാ നേതാക്കളുടെ യോഗം ചേരും.
നേരത്തെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അനിശ്ചിത കാലത്തേക്ക് മഹാരാജാസ് കോളജ് അടച്ചതിന് പിന്നാലെ പ്രിൻസിപ്പൽ ഡോ.വി.എസ്. ജോയിയെ സ്ഥലം മാറ്റിയിരുന്നു. പട്ടാമ്പി ശ്രീനീലകണ്ഠ സർക്കാർ സംസ്കൃത കോളജിലേക്കാണ് സ്ഥലം മാറ്റിയത് . കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ പരമാർശത്തിലെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.
കോളജിൽ ഒരു വിദ്യാർത്ഥിക്ക് കുത്തേൽക്കുകയും വിദ്യാർത്ഥികൾക്കും അദ്ധ്യാപകനുമെതിരെ ആക്രമണമുണ്ടാകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ കോളേജ് ക്യാംപസിലുണ്ടായ സംഘർഷത്തിനിടെ എസ്‌എഫ്ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വർഷ ബിഎ ഹിസ്റ്ററി വിദ്യാർത്ഥിയുമായ കാസർഗോഡ് മഞ്ചേശ്വരം സ്വദേശി പി.എ.അബ്ദുൽ നാസറിന് (21) വെട്ടേറ്റിരുന്നു.
മറ്റൊരു സംഭവത്തിൽ ഭിന്നശേഷിക്കാരനായ അദ്ധ്യാപകനെ ക്യാംപസിൽ മൂർച്ചയുള്ള വസ്തു കൊണ്ടു പിന്നിൽ നിന്ന് ഇടിച്ചെന്നുമാണ് പരാതി. കോളജിലെ അസി. പ്രഫസറും കോളജ് യൂണിയൻ സ്റ്റാഫ് അഡ്വൈസറുമായ ഡോ. കെ.എം.നിസാമുദ്ദീനാണു മർദ്ദനമേറ്റത്. ചികിത്സ തേടിയ അദ്ധ്യാപകന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.

