Saturday, April 27, 2024
spot_img

‘മകന്റെ ജീവന് വിലയിടാനില്ല, അതിനല്ല ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് അവനെ പഠിപ്പിച്ചത്’; ലോറികളെ നിയന്ത്രിക്കുമെന്ന് കളക്ടറും സർക്കാരും തന്ന വാക്ക് പാലിച്ചാൽ മാത്രം മതിയെന്ന് അനന്തുവിന്‍റെ അച്ഛൻ

തിരുവനന്തപുരം: മകന്‍റെ ജീവന് വിലയിടാനില്ലെന്ന് ടിപ്പറിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തിൽ മരിച്ച ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന്‍റെ അച്ഛൻ അജികുമാർ. അതിനല്ല ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് ഹോട്ടൽ ജോലിയൊക്കെ ചെയ്ത് അവനെ പഠിപ്പിച്ചത്. മകന് സംഭവിച്ചത് പോലെ ഒരു അപകടം മറ്റാർക്കും ഇനി ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

മകന്‍റെ ഗതി മറ്റാര്‍ക്കും വരാതിരിക്കണമെന്ന് മാത്രമാണ് അജികുമാർ അധികൃതരോട് പറഞ്ഞത്. അമിതമായി ലോഡ് കയറ്റിയാണ് ലോറികള്‍ പോകുന്നത്. പലതവണ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ലോറികള്‍ പോകുമ്പോഴുള്ള ശബ്ദം കേട്ടാൽ പേടിയാകും. ഒരു നിയന്ത്രണവുമില്ല. ടിപ്പറിൽ നിന്ന് വീണ കല്ല് സ്കൂട്ടറിന്‍റെ മുമ്പിലടിച്ച് നെഞ്ചിലാണ് പതിച്ചത്. വാരിയൊല്ലൊക്കെ പൊട്ടിപ്പോയെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ അവന് ഹൃദയാഘാതവുണ്ടായി. ലോറികളെ നിയന്ത്രിക്കുമെന്ന് കലക്ടറും സർക്കാരും തന്ന വാക്ക് പാലിക്കണമെന്ന് അജികുമാർ ആവശ്യപ്പെട്ടു.

“എന്‍റെ മോനെ കൊണ്ടുനടന്ന് വില പറയിക്കാനായി തീരുമാനമില്ല. അതിനല്ല ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് ഹോട്ടൽ ജോലിയൊക്കെ ചെയ്ത് അവനെ പഠിപ്പിച്ചത്. എന്‍റെ മോൻ നഷ്ടപ്പെട്ടിട്ട് ഞാൻ വില വാങ്ങിക്കാൻ നിൽക്കുന്നത് ശരിയല്ലല്ലോ. അവന്‍റെ വിദ്യാഭ്യാസത്തിന് ചെലവായത് എന്താണെന്ന് വെച്ചാൽ അത് ചെയ്യാം എന്ന് പറഞ്ഞിട്ടാണ് കലക്ടർ പോയത്” എന്ന് അജികുമാർ പറഞ്ഞു.

Related Articles

Latest Articles