Saturday, May 18, 2024
spot_img

വയനാടൻ മണ്ണിന്റെ കരുത്തും കാന്തിയും ഹൃദ്യസ്ഥമാക്കിയ കഥാകാരി ! മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി പി.വത്സല വിടവാങ്ങി

കോഴിക്കോട് : പ്രശസ്‌ത സാഹിത്യകാരി പി.വത്സല (വത്സലടീച്ചർ) അന്തരിച്ചു. ഹൃദ്രോഗത്തെത്തുടർന്ന് കോഴിക്കോട് മുക്കത്തായിരുന്നു അന്ത്യം. തന്റെ നോവലായ നെല്ലിലൂടെ ആദിവാസി ജീവിതങ്ങളെ പ്രമേയമാക്കി മലയാള സാഹിത്യരംഗത്ത് ഗംഭീര പ്രതിധ്വനിയുണ്ടാക്കിയ സാഹിത്യകാരിയാണ് ഇന്നലെ രാത്രിയോടെ വിടവാങ്ങിയത്.

1938 ഏപ്രിൽ നാലിന് കോഴിക്കോട് ജനിച്ച വത്സല 1993ൽ കോഴിക്കോട് ഗവൺമെന്റ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പലായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. കേരള സാഹിത്യ സമിതി അധ്യക്ഷ, തപസ്യയുടെ രക്ഷാധികാരി, സാഹിത്യപ്രവർത്തക, സഹകരണ സംഘo ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പി.വത്സലയുടെ നോവലായ നെല്ല്, എസ്.എൽ പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് പിന്നീട് സിനിമയാക്കിയിരുന്നു. സി.വി കുഞ്ഞിരാമൻ സ്‌മാരക സാഹിത്യ അവാർഡ്, മുട്ടത്തുവർക്കി അവാർഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളും നേടി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, 2021ൽ എഴുത്തച്ഛൻ പുരസ്‌കാരം എന്നിവ പി വത്സല നേടിയിട്ടുണ്ട്. കൂടാതെ, മലയാളത്തിലെ പ്രമുഖ എഴുത്തുകാർക്കുള്ള സഞ്ജയൻപുരസ്‌കാരം 2018 ൽ പി.വത്സലയ്ക്ക് നൽകി തപസ്യ കലാ സാഹിത്യ വേദി ആദരിച്ചിരുന്നു.

ഇരുപത് നോവലുകൾ, 300ഓളം ചെറുകഥകൾ, ബാലസാഹിത്യകൃതികൾ, യാത്രാവിവരണം, ജീവചരിത്രം എന്നിങ്ങനെ സാഹിത്യരചനയിലെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി. തകർച്ച, ആഗ്നേയം, നെല്ല്, നിഴലുറങ്ങുന്ന വഴികൾ, എന്റെ പ്രിയപ്പെട്ട കഥകൾ, ഗൗതമൻ, മരച്ചോട്ടിലെ വെയിൽചീളുകൾ, മലയാളത്തിന്റെ സുവർണ്ണകഥകൾ, വേറിട്ടൊരു അമേരിക്ക, അശോകനും അയാളും, വത്സലയുടെ സ്ത്രീകൾ, മൈഥിലിയുടെ മകൾ, പേമ്പി, ആദി ജലം, കൂമൻ കൊല്ലി, വിലാപം, നിഴലുറങ്ങുന്ന വഴികൾ, വത്സലയുടെ തിരഞ്ഞെടുത്ത കഥകൾ, പോക്കുവെയിൽ പൊൻവെയിൽ, എരണ്ടകൾ എന്നിവ പ്രധാന കൃതികളാണ്.

Related Articles

Latest Articles