Friday, May 3, 2024
spot_img

ആദ്യം പോകേണ്ടത് ദില്ലി ഹൈക്കോടതിയിൽ!നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ടിന്റെ ഹർജി സുപ്രീംകോടതി തള്ളി! സംഘടനയ്‌ക്കെതിരായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോർട്ട് വിവരങ്ങളും പുറത്ത്

ദില്ലി : കേന്ദ്രത്തിന്റെ നിരോധനം ശരിവെച്ച യുഎപിഎ ട്രിബ്യൂണൽ ഉത്തരവിനെതിരെ പോപ്പുലർ ഫ്രണ്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. യുഎപിഎ ട്രിബ്യൂണൽ ഉത്തരവിനെതിരെ പിഎഫ്ഐ ആദ്യം ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതിയിൽ പോയതിന് ശേഷമാണ് സുപ്രീംകോടതിയെ സമീപിക്കേണ്ടതെന്ന കോടതിയുടെ നിർദേശത്തോട് പിഎഫ്എക്ക് വേണ്ടി ഹാജരായ അഭിഭാഷകനും യോജിച്ചു.

ഐസിസ് പോലുള്ള അന്താരാഷ്ട്ര ഭീകര സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നും രാജ്യത്ത് വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നും കണ്ടെത്തിയതോടെയാണ് 2022 സെപ്റ്റംബർ 27ന് കേന്ദ്രസർക്കാർ പിഎഫ്ഐയെ അഞ്ച് വർഷത്തേക്ക് നിരോധിച്ചത്. തീരുമാനം മാർച്ച് 21 ന് യുഎപിഎ ട്രിബ്യൂണലും ശരിവെക്കുകയായിരുന്നു. ഇതോടെയാണ് ഈ നടപടിയെ ചോദ്യം ചെയ്തു കൊണ്ട് പിഎഫ്എ സുപ്രീംകോടതിയെ സമീപിച്ചത്. റീഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷനൽ കോൺഫെ‍ഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റീഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകളെയും പിഎഫ്ഐക്കൊപ്പം കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.

അതേസമയം ഭീകരതയ്ക്ക് ധനസഹായം നൽകുന്നതിനെതിരെ പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോർട്ടിൽ ഇന്ത്യയിൽ നിന്നും പോപ്പുലർ സംഘടനയെ കുറിച്ചും പരാമർശമുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദപ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കൽ തുടങ്ങിയവ നിരീക്ഷിക്കുന്ന അന്താരാഷ്ട്ര ഏജൻസിയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫേഴ്‌സ്.

സംഘടനയുടെ ‘ക്രൗഡ് ഫണ്ടിങ് ഫോർ ടെററിസം ഫിനാൻസിംഗ്’ എന്ന റിപ്പോർട്ടിലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട്. പിഎഫ്‌ഐയുടെ പേര് പരാമർശിക്കാതെ ഇന്ത്യയിലെ ‘അക്രമാസക്തമായ ഭീകര സംഘടന’ വിവിധ ശൃംഖലകൾ വഴി പണം സ്വരൂപിച്ചതായും ഇതിനായി ഓഫ് ലൈൻ, ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇങ്ങനെ സമാഹരിച്ച പണം ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാനും അംഗങ്ങൾക്ക് ആയുധ പരിശീലനം നൽകാനും ഉപയോഗിച്ചുവെന്നും റിപ്പോർട്ടിനെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

Related Articles

Latest Articles