Thursday, May 2, 2024
spot_img

ഒരു പ്രത്യേക കാലയളവിൽ മാത്രം ആരാധനയ്ക്കായി തുറക്കുന്ന ക്ഷേത്രം; ചെറുവാളൂർ കൂട്ടാല ഭദ്രകാളി ക്ഷേത്രത്തിന്റെ പ്രത്യേകത അറിയാം

ഒരു പ്രത്യേക കാലയളവിൽ മാത്രം ആരാധനയ്ക്കായി തുറക്കുകയും സവിശേഷമായ പൂജകളും വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുകയും ചെയ്യുന്ന ഒരു ക്ഷേത്രമാണ് തൃശ്ശൂർ ജില്ലയിൽ കൊരട്ടിക്ക് സമീപം സ്ഥിതി ചെയ്യുന്ന ചെറുവാളൂർ കൂട്ടാല ഭദ്രകാളി ക്ഷേത്രം. കേരളത്തിലെ തന്നെ ഏറ്റവും അപൂർവ്വവും വ്യത്യസ്തവുമായ ഭദ്രകാളി ക്ഷേത്രമാണ് ചെറുവാളൂർ കൂട്ടാല ഭദ്രകാളി ക്ഷേത്രം.

കുംഭമാസം 1 മുതൽ 30 വരെ വർഷത്തിൽ ഒരേയൊരു മാസം മാത്രമേ ക്ഷേത്രം തുറക്കുകയുള്ളൂ. കുംഭത്തിലെ നടതുറപ്പ് എന്നാണിത് അറിയപ്പെടുന്നത്. കുംഭം 1 മുതൽ 30 വരെ യാണ് ഈ നടതുറപ്പുള്ളത്. ഈ വർഷം ഫെബ്രുവരി 13ന് നട തുറന്നു. മാർച്ച് 14 അഥവാ കുംഭം 30ന് നട അടയ്ക്കും. 14ന് രാത്രി നടക്കുന്ന മുടിയേറ്റോടുകൂടി നടതുറപ്പ് മഹോത്സവം അവസാനിക്കും. കുംഭം ഒഴികെയുള്ള സമയങ്ങളിൽ ആരും ഇവിടേക്ക് വരാറുപോലുമില്ല.

കുംഭം ഒന്നിന് നടതുറന്നാൽ വരുന്ന 30 ദിവസങ്ങളിലും ക്ഷേത്രത്തിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളുമുണ്ട്. മൂന്ന് ഭാവങ്ങളിലാണ് ദേവിയെ ഇവിടെ ആരാധിക്കുന്നത്. രാവിലെ മഹാസരസ്വതിയായും ഉച്ചയ്ക്ക് മഹാലക്ഷ്മിയായും വൈകിട്ട് മഹാകാളിയായും ആണിവിടെ ആരാധിക്കുന്നത്. വൈകുന്നേരത്തെ പൂജകൾക്കും പ്രത്യേകതയുണ്ട്. വൈകീട്ട് ഭദ്രകാളി കളംവരച്ച് ദേവി ചൈതന്യത്തെ കളത്തിലേക്ക് ആവാഹിച്ച് കളംപാട്ട് പാടി നടയടയ്ക്കുകയാണ് ചെയ്യുന്നത്. പുലർച്ചെ 5 മണിക്ക് തുറക്കുന്ന നട രാവിലെ പത്ത് മണി വരെയും പിന്നീട് വൈകുന്നേരം ആറു മുതൽ ഒൻപതു മണി വരെയുമാണ് ദര്‍ശന സമയം.

ക്ഷേത്രത്തിൽ നട തുറക്കുന്ന ഏതെങ്കിലും ഒരു ദിവസമെങ്കിലും അവിടെയെത്തി പ്രാർത്ഥിച്ചാൽ അനുഗ്രഹവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല, അങ്ങനെ ചെയ്താൽ അന്നത്തിന് ഒരിക്കലും ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും വിശ്വസിക്കപ്പെടുന്നു. ദേവിയുടെ പിറന്നാളായ കുംഭത്തിലെ മകം നക്ഷത്രത്തിൽ പ്രത്യേത മകം തൊഴലും ഇവിടെ നടക്കും. മുടിയേറ്റോടെയാണു ക്ഷേത്രനട അടയ്ക്കുന്നത്. വാരനാട്ട് കുറുപ്പമ്മാർ നടത്തുന്ന അനുഷ്ഠാന കലയാണ് മുടിയേറ്റ് . ഈ ദിവസം ഇവിടെ എത്തുന്നവർക്ക് ദേവിക്ക് അവസാനമായി ചാർത്തിയ മഞ്ഞൾപ്പൊടി, കുങ്കുമം, പൂവ് ഒപ്പം ഇലയിൽ പൊതിഞ്ഞ് ഒരു നാണയം കൂടി നല്കും, ഇത് സൂക്ഷിക്കുക വഴി ഐശ്വര്യവും ദേവീചൈതന്യവും ഉണ്ടാകുമെന്നുമാണ് വിശ്വാസം.

അത്ഭുതം തോന്നിപ്പിക്കുന്ന വിശ്വാസങ്ങളാണ് കൂട്ടാല ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. പ്രസിദ്ധമായ ഐരാണിക്കുളം ക്ഷേത്രത്തിലെ ദേവി ഇവിടെ കുംഭമാസത്തിൽ ക്ഷേത്രം വക വസ്തുവിലെ പാട്ടം പിരിക്കാൻ എത്തുമത്രെ. മാസത്തിലെ മുപ്പത് ദിവസവും ദേവി ഇങ്ങനെ ഇവിടെ എത്തുന്നുണ്ടെന്നാണ് പണ്ടുമുതലെ കരുതുന്നത്. ഇതിനെ ശക്തിപ്പെടുത്തുന്ന വേറെ കാര്യവുമുണ്ട്. കൂട്ടാല ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശത്തിന്‍റെ അടിയാധാരങ്ങൾ ഐരാണിക്കുളം ദേവസ്വത്തിന്‍റെ വകയാണ് എന്നാണ് രേഖകളിലുള്ളതത്രെ! ഐരാണിക്കുളം ക്ഷേത്രത്തിലെ ഏകദേശം അറുന്നൂറ് വർഷത്തോളം പഴക്കമുള്ള രേഖകളിലും കൂട്ടാല ക്ഷേത്രത്തെക്കുറിച്ച് പറയുന്നുണ്ടത്രെ.

Related Articles

Latest Articles