Friday, May 3, 2024
spot_img

രാജ്യത്തിന്റെ യഥാർത്ഥ ഉത്സവം !മുഴുവൻ വോട്ടർമാരുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിൽ രൂപപ്പെടുത്തിയ നൂതന ആശയങ്ങളടങ്ങിയ തെരഞ്ഞെടുപ്പ് പ്ലാൻ; വിശദ വിവരങ്ങളിതാ

ഇന്ന് വൈകുന്നേരം 3.30 ന് ദില്ലി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തിൽ മുഖ്യ കമ്മിഷണർ രാജീവ് കുമാറാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. ഏഴു ഘട്ടങ്ങളായാകും ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തിൽ 94 മണ്ഡലങ്ങളിൽ നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും ഏഴാം 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ്. കേരളത്തിൽ ഒറ്റ ഘട്ടമായാകും തെരഞ്ഞെടുപ്പ് നടക്കുക. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും.

ആകെ 96.8 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളും 48,000 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു. 1.8 കോടി കന്നി വോട്ടർമാരും 20-29 വയസ്സിനിടയിലുള്ള 19.47 കോടി വോട്ടർമാരും ഉണ്ട്. 12 സംസ്ഥാനങ്ങളിൽ പുരുഷ വോട്ടർമാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതൽ. 85 വയസ്സിനു മുകളിൽ പ്രായമുള്ള 82 ലക്ഷം വോട്ടർമാരും നൂറു വയസ്സിനു മുകളിലുള്ള 2.18 ലക്ഷം വോട്ടർമാരുമുണ്ട്. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം ഇവിഎമ്മുകളും 4 ലക്ഷം വാഹനങ്ങളുമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. 85 വയസ്സിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാരായ വോട്ടർമാർക്കും വീട്ടിലിരുന്ന് വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. വർക്ക് ഫ്രം ഹോം എന്നതിന് സമാനമായി വോട്ട് ഫ്രം ഹോം എന്ന ആശയമാണ് ഇവിടെ അനുവർത്തിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദ്വേഷ പ്രസംഗം പാടില്ലെന്ന് കർശന നിർദേശമുണ്ട്.സ്വകാര്യ ജീവിതത്തെ വിമര്‍ശിച്ചുകൊണ്ട് പ്രസംഗിക്കരുത്, ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വോട്ട് പിടിക്കരുത്, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചാരണം പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കി. പരസ്യം വാര്‍ത്തയായി നല്‍കരുതെന്നും സമൂഹ മാദ്ധ്യമങ്ങളിലൂടെ എതിരാളികളെ അവഹേളിക്കരുതെന്നും താരപ്രചാരകര്‍ മര്യാദയുടെ സീമ ലംഘിക്കരുതെന്നും കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും രാജീവ് കുമാര്‍ നിര്‍ദേശിച്ചു. ചട്ടലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കുള്ള ശിക്ഷ താക്കീതില്‍ ഒതുങ്ങില്ലെന്ന മുന്നറിയിപ്പും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാദ്ധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഇതിനൊപ്പം സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളിലും നടപടിയുണ്ടാകും. മുന്നറിയിപ്പ് നല്‍കിയ വിഷയങ്ങളില്‍ വീഴ്ചയുണ്ടായാല്‍ കടുത്ത നടപടി നേരിടേണ്ടി വരും. രാജ്യത്തിന് യഥാർത്ഥ ഉത്സവവും ജനാധിപത്യവുമായ അന്തരീക്ഷം നൽകാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു

Related Articles

Latest Articles