Friday, May 17, 2024
spot_img

സെൻസറുകളും ക്യാമറകളും നാലിൽ രണ്ട് എൻജിനുകളും പണിമുടക്കിയെന്നിരിക്കട്ടെ എന്നാൽ പോലും വിക്രം ലാൻഡ് ചെയ്തിരിക്കും, ആത്മവിശ്വാസത്തിന്റെ ആൾരൂപമായി മിഷനെ നയിച്ച ഐ എസ് ആർ ഒ ചെയർമാന്റെ വാക്കുകൾ വൈറലാകുന്നു !

ബംഗളുരു: ഇന്ത്യയുടെ അഭിമാനം വാനോളാമെത്തിച്ച ചന്ദ്രയാൻ 03 ന്റെ വിജയം രാജ്യമെങ്ങും ആഘോഷിക്കുകയാണ്. ഈ നിമിഷം എല്ലാ കണ്ണുകളും നീളുന്നത് ഭാരതത്തിന്റെ ബഹിരാകാശ ഏജൻസിയായ ഐ എസ് ആർ ഒ യുടെ ഇപ്പോഴത്തെ തലവൻ മലയാളിയായ എസ് സോമനാഥിലേക്കാണ്. ഏതാനും ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഓരോ ഭാരതീയനും ഈ നിമിഷത്തിൽ ഓർക്കുന്നത്. “വിക്രം ലാൻഡറിലുള്ള സെൻസറുകളും ക്യാമറകളും മറ്റുപകരണങ്ങളും ഒന്നും പ്രവർത്തിച്ചില്ലെങ്കിലും പ്രോപ്പൽഷൻ നന്നായി പ്രവർത്തിച്ചാൽ ഞങ്ങൾ സോഫ്റ്റ്‌ ലാൻഡിംഗ് നടത്തിയിരിക്കും. ലാൻഡറിലെ നാല് എഞ്ചിനുകളിൽ രണ്ടെണ്ണം പ്രവർത്തിച്ചില്ലെങ്കിലും മറ്റ് രണ്ടെണ്ണം ഉപയോഗിച്ച് അത് സുരക്ഷിതമായി ലാൻഡ് ചെയ്യും.” അത്രമാത്രം വിശ്വാസമുണ്ടായിരുന്നു ചെയർമാന് പേടകത്തിന്റെ ഡിസൈനിൽ. തുടക്കം മുതൽ ഐ എസ് ആർ ഒ ടീം പ്രകടിപ്പിക്കുന്ന ആത്മവിശ്വാസത്തിന്റെ കാരണവും മറ്റൊന്നല്ല.

ചന്ദ്രയാൻ 02 ലാൻഡർ ചന്ദ്രോപരിതലത്തിൽ വീണു തകർന്നിരുന്നു. അതായിരുന്നു മൂന്നാം മിഷൻ തുടങ്ങുമ്പോൾ എല്ലാവരുടെയും ആശങ്ക. മനസ്സ് തളരാതെ അവർ ഒരു ഫെയിലുവർ ബേസ്ഡ് മിഷന് രൂപം കൊടുത്തു. അതായത് ഓരോ ഉപകരണവും പരാജയപ്പെട്ടാലും മറ്റൊന്ന് ആ കുറവ് നികത്തുന്നു. വിവിധ ഭാഗങ്ങളിൽ നിന്നുയർന്ന ആശങ്കകൾക്കെല്ലാം ആത്മവിശ്വാസത്തോടെ തന്നെ ഐ എസ് ആർ ഒ മറുപടി പറഞ്ഞു. ഇത്തവണ നമുക്ക് വിജയിക്കാനാകും. മുൻപന്തിയിൽ ആത്മവിശ്വാസത്തിന്റെ സ്രോതസ്സായി നിന്നത് അമരക്കാരൻ എസ് സോമനാഥ് തന്നെയായിരുന്നു.

ഓരോ ഘട്ടവും നിരവധി പരീക്ഷണങ്ങളിലൂടെ കടന്നുപോയി. വിക്ഷേപണത്തിന് തൊട്ട് മുന്നേവരെ എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തി. വിക്ഷേപണ തലേന്ന് തന്റെ ശാസ്ത്രസംഘത്തോടൊപ്പം തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചു. റോക്കറ്റിന്റെ ചെറു പതിപ്പ് ഭഗവാന് സമർപ്പിച്ചു. ശാസ്ത്രജ്ഞൻമാർ ക്ഷേത്രം സന്ദർശനത്തിന് പോയതിനെതിരെ ഉയർന്ന കമ്മ്യൂണിസ്റ്റുകളുടെ രോദനത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി. ഒടുവിൽ നിരവധി ചാന്ദ്ര ദൗത്യങ്ങൾ നടത്തി വിജയിച്ചിട്ടുള്ള റഷ്യയുടെ ലൂണ ഏതാനും ദിവസങ്ങൾക്കു മുമ്പ് ചന്ദ്രോപരിതലത്തിൽ തകർന്നു വീണപ്പോൾ രാജ്യം മുഴുവൻ ചന്ദ്രയാനെ കുറിച്ച് ആശങ്കപ്പെട്ടപ്പോഴും ഐ എസ് ആർ ഒ ചെയർമാൻ കരുത്തുറ്റ മനസ്സോടെ പറഞ്ഞു, “ലൂണയുടെ പരാജയം നമ്മളെ ബാധിക്കില്ല. നമുക്ക് നമ്മുടേതായ സംവിധാനങ്ങളുണ്ട്. ” രാജ്യം അർപ്പിച്ച വിശ്വാസം അദ്ദേഹം കണ്ണിലെ കൃഷ്ണമണിപോലെ കാത്തു. ഭാരതീയർക്കും മലയാളികൾക്കും അദ്ദേഹം അഭിമാനത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചിരിക്കുന്നു.

Related Articles

Latest Articles