Friday, May 17, 2024
spot_img

ചന്ദ്രന്റെ ഹൃദയം തൊട്ടറിഞ്ഞ് ഭാരതത്തിന്റെ മൂവർണ്ണക്കൊടി, ചരിത്ര ദൗത്യം വിജയം, ലാൻഡർ സുരക്ഷിതമായിറങ്ങി, ഭാരതത്തിന് ലോക രാജ്യങ്ങളുടെ അഭിനന്ദന പ്രവാഹം!

ബംഗളുരു: ലോകം കണ്ണടച്ച് പ്രാർത്ഥനയോടെയിരുന്ന 19 മിനിട്ടുകൾ. മിഴി തുറന്നപ്പോൾ ഭാരതം ചന്ദ്രനെ വിജയകരമായി ചുംബിച്ചു കഴിഞ്ഞിരുന്നു. കഴിഞ്ഞ ജൂലൈ 14 ന് തുടങ്ങിയ യാത്ര പല ഘട്ടങ്ങൾ വിജയകരമായി താണ്ടി ചന്ദ്രന്റെ 25 കിലോമീറ്റർ അടുത്തെത്തി സങ്കീർണ്ണമായ നിമിഷങ്ങൾ താണ്ടി ഇന്ത്യയുടെ അഭിമാനമായ വിക്രം ലാൻഡർ സുരക്ഷിതമായി ചന്ദ്രോപരിതലത്തിലിറങ്ങി. ലോകമെമ്പാടുമുള്ള ശാസ്ത്രലോകം ഭാരതത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കൾ ദൗത്യത്തിന് ആശംസാകൾ നേർന്നിരുന്നു. നിലവിൽ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി തത്സമയം ദൗത്യ നിമിഷങ്ങൾ കണ്ടു. 140 കോടി ഭാരതീയർ അവരുടെ ശാസ്ത്ര സമൂഹത്തെയോർത്ത് അഭിമാനംകൊണ്ടു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യയുടെ ചാന്ദ്രപേടകം സുരക്ഷിതമായിറങ്ങിയത്. ഇത് ലോകത്തെ മറ്റൊരു ശക്തിക്കും സാധിക്കാത്ത കാര്യമാണ്. അതേ ദക്ഷിണ ധ്രുവം കീഴടക്കുന്ന ആദ്യ രാജ്യമാണ് ഭാരതം. റഷ്യയുടെ ചാന്ദ്ര പേടകമായ ലൂണയും ഇതേ ലക്ഷ്യത്തോടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചന്ദ്രന്റെ ഭ്രമണ പഥത്തിൽ എത്തിയതാണ് എന്നാൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടു മുന്നേയുള്ള ഭ്രമണ പഥത്തിലേക്ക് മാറുന്നതിനിടയിൽ തകർന്നു വീഴുകയായിരുന്നു.

ചന്ദ്രോപരിതലത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിൽ നിന്ന് താഴെക്കിറക്കുന്ന അതി സങ്കീർണ്ണമായ പ്രവർത്തനം നിശ്ചയിച്ചിരുന്നത് പോലെ വൈകുന്നേരം 0545 നാണ് ആരംഭിച്ചത്. തുടർന്നുള്ള 19 മിനുട്ട് നേരം പേടകത്തെ ഭൂമിയിൽ നിന്ന് നിയന്ത്രിക്കാൻ ആകുമായിരുന്നില്ല. ലാൻഡിംഗ് വരെയുള്ള പ്രവർത്തനങ്ങൾ നേരത്തേ നിശ്ചയിച്ചിട്ടുള്ള ഷെഡ്യൂൾ പ്രകാരം ലാൻഡർ തനിയെ ചെയ്യുകയായിരുന്നു. സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന പേടകം സ്വയം ഫൈൻ ബ്രെക്കിങ് നടത്തി സെക്കൻഡിൽ 6 മീറ്റർ എന്ന നിലയിലേക്ക് വേഗത കുറച്ചു. തുടർന്ന് പേടകം ലംബമായി ചന്ദ്രന് അഭിമുഖമായി വന്നു. ചന്ദ്രോപരിതലത്തിനു 100 മീറ്റർ അടുത്ത് വന്ന് നിലയുറപ്പിച്ച് ഇറങ്ങേണ്ട സ്ഥലം നിരീക്ഷിച്ചു. 9 സെൻസറുകളും 03 ക്യാമറകളും ഭംഗിയായി തന്നെ പ്രവർത്തിച്ച് ലാൻഡിംഗിന് കളമൊരുങ്ങി. തുടർന്ന് സെക്കൻഡിൽ 1-2 മീറ്റർ വേഗത്തിൽ വിക്രം നിലം തൊട്ടു.

.

Related Articles

Latest Articles