Wednesday, November 4, 2026

ആലപ്പുഴ ദേശീയപാതയിൽ കാറിടിച്ച് രക്തത്തിൽ കുളിച്ച് യുവാവ് കിടന്നത് ഇരുപത് മിനുട്ടോളം;നോക്കുകുത്തികളായി ജനങ്ങൾ, ധനീഷിന് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.കോടംതുരുത്ത് മഴത്തുള്ളി വീട്ടില്‍ പരമേശ്വരന്റെ മകന്‍ ധനീഷാണ്(29)മരിച്ചത്.കാറിടിച്ച് ധനീഷ് ഇരുപത് മിനുട്ടോളം രക്തത്തിൽ കുളിച്ച് കിടന്നിട്ടും ജനങ്ങൾ വെറും നോക്കുകുത്തികളായി നോക്കി നിൽക്കുക മാത്രമാണ് ചെയ്തത്.കൃത്യ സമയത് ധനീഷിന് പ്രാഥമിക ചികിത്സ നൽകിയിരുന്നെങ്കിൽ യുവാവിന്റെ ജീവൻ നിലനിൽക്കുമായിരുന്നു.

അറക്കാനുള്ള തടി മില്ലില്‍ കൊടുത്ത ശേഷം ട്രോളിയുമായി മടങ്ങുകയായിരുന്ന ധനീഷിനെയും കാല്‍നട യാത്രക്കാരനായ രാഹുലിനെയും (30) നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാഹുലിനു പരുക്കേറ്റെങ്കിലും ബോധമുണ്ടായിരുന്നു. കാര്‍ യാത്രക്കാര്‍ വിളിച്ചുവരുത്തിയ ആംബുലന്‍സില്‍ രാഹുലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. എന്നാൽ ധനീഷിനരികിൽ അപകടം നടന്ന ഉടന്‍ ആളുകള്‍ ഓടിക്കൂടിയെങ്കിലും ധനീഷ് മരിച്ചെന്ന് കരുതി രക്ഷിക്കാനായി ശ്രമിച്ചില്ലെന്നാണ് വിവരം.

സമീപത്തെ കോടംതുരുത്ത് ഗവ. എല്‍പി സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന എം.ധന്യയും ജെസി തോമസും റോഡിലെ ആള്‍ക്കൂട്ടം കണ്ടാണ് അന്വേഷിച്ചെത്തിയത്. ധനീഷിനെ ഇരുവരും ചേര്‍ന്നു നിവര്‍ത്തി കിടത്തി നാഡിമിടിപ്പ് പരിശോധിച്ചപ്പോള്‍ ജീവനുണ്ടെന്ന് മനസിലായി. തുടര്‍ന്ന് അതുവഴി വന്ന വാഹനം കൈകാണിച്ച് നിര്‍ത്തി. ധനീഷിനെ അന്വേഷിച്ച് അപ്പോഴേക്കും സഹോദരന്‍ നിധീഷ് എത്തിയിരുന്നു. എല്ലാവരും ചേര്‍ന്ന് ധനീഷിനെ തുറവൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഗുരുതര പരുക്കോടെ രാഹുല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

Related Articles

Latest Articles