Friday, December 19, 2025

ഇടവേളയ്ക്ക് ശേഷം തീയറ്ററുകൾ തുറന്നു: സിനിമാ നിര്‍മാതാക്കളുടെ യോഗം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ തീയേറ്ററുകൾ(Theater) തുറന്നു. ഇന്ന് തുറക്കുമെങ്കിലും മറ്റന്നാൾ മുതലാണ് സിനിമാ പ്രദർശനം തുടങ്ങുന്നത്. ഇന്നും നാളെയും തീയേറ്റുകളിൽ അണുവിമുക്തമാക്കൽ പ്രവർത്തനങ്ങളാകും നടക്കുക. ജീവനക്കാർക്കുള്ള വാക്സിനേഷനും ഇതിനകം പൂർത്തിയാക്കും. രണ്ട് ഡോസ് വാക്സീനെടുത്തവർക്ക് മാത്രമാകും തീയറ്ററുകളിൽ പ്രവേശനമുണ്ടാവുക. പകുതി സീറ്റുകളിലേ കാണികളെ അനുവദിക്കുവെന്ന് സ‍ർക്കാ‍ർ വ്യക്തമാക്കിയിട്ടുണ്ട്.

ഇടവേളയ്ക്ക് ശേഷം തീയറ്റ‍ർ തുറക്കുമ്പോൾ ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാകും ആദ്യ ദിനമായ ബുധനാഴ്ച പ്രദർശിപ്പിക്കുക. സിനിമാ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം നാളെ കൊച്ചിയില്‍ ചേരും. സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ വിലയിരുത്തിയ ശേഷമായിരിക്കും സിനിമകള്‍ തീയറ്ററുകളിലേക്ക് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് വിതരണക്കാര്‍ അറിയിച്ചു.

എന്നാൽ നാളെ ചേരുന്ന യോഗത്തില്‍ സിനിമകള്‍ നല്‍കുന്നതില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. കുടിശ്ശികയുള്ള തീയറ്റര്‍ ഉടമകള്‍ക്ക് യാതൊരു കാരണവശാലും സിനിമ നല്‍കില്ലെന്നും വിതരണക്കാര്‍ അറിയിച്ചിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് തീയറ്ററുകള്‍ തീരുമാനമെടുത്തതെന്നും വിതരണക്കാര്‍ വിമര്‍ശിച്ചു. 28ന് പൃഥ്വിരാജ് അതിഥി വേഷത്തിൽ എത്തുന്ന സ്റ്റാറാണ് ആദ്യം പ്രദർശനത്തിന് എത്തുന്ന മലയാള ചിത്രം. കൂടാതെ ശിവകാർത്തികേയൻ നായകനായ ഡോക്ടർ എന്ന ചിത്രം വ്യാഴാഴ്ച റിലീസിനു എത്തും. നവംബർ 12ന് ദുൽഖ‌ർ സൽമാൻ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യുന്നതോടെ തീയറ്ററുകൾ സജീവമാകും.

Related Articles

Latest Articles