തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ സംഘം പിടിയിൽ. യുവാവിനെ മർദ്ദിച്ച ശേഷം കാറും സ്വർണമാലയും കവർന്ന സംഘമാണ് പിടിയിലായത്. കൃത്യത്തിന് ശേഷം സംഘം തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്. വധശ്രമവും കവർച്ചയും പതിവാക്കിയ അന്തർസംസ്ഥാന സംഘത്തിലെ ക്രിമിനലുകളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. വെള്ളറട പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വെള്ളറട സ്വദേശി നന്ദു , വേങ്കോട് സ്വദേശി ഉദയൻ, നിലമാമൂട് സ്വദേശി അജിത്ത് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയിലാണ് വെങ്ങാനൂർ സ്വദേശി വിഷ്ണുവിനെ കാർ പണയത്തിന് എടുക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയത്. രഹസ്യ സങ്കേതത്തിൽ എത്തിച്ച് യുവാവിനെ ഭിഷണിപ്പെടുത്തുകയും ക്രൂരമായി മർദ്ദിച്ച് വാഹന വിൽപ്പന കരാറിൽ ഒപ്പുവയ്പ്പിക്കുകയും തുടർന്ന് ഇയാളുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ മാല പ്രതികൾ തട്ടിയെടുക്കുകയും ചെയ്തു.
മോഷ്ടിക്കുന്ന വാഹനങ്ങൾ കഞ്ചാവും മറ്റ് മയക്കുമരുന്ന് കടത്തിനുമാണ് പ്രതികൾ ഉപയോഗിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും കർണാടകത്തിലും ഇവർക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

