Tuesday, September 29, 2026

പേടിച്ച് വിറച്ച് മുഖ്യൻ! 700 പോലീസുകാരും പോരാതായി; കരുതൽ തടങ്കലിലാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും പ്രതിഷേധം ഭയന്ന് സുരക്ഷാ നാടകം തീർത്തു. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിലാണെന്ന് പുറത്ത് വരുന്ന റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് കരിങ്കൊടി കാണിക്കുമെന്ന ഭീതിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ ആക്കിയിരിക്കുന്നത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നാലുപേരെ കുന്നംകുളം പോലീസാണ് കരുതൽ തടങ്കലിലാക്കിയത്.യൂത്ത് കോൺഗ്രസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എ എം നിധിഷ്, കടങ്ങോട് മണ്ഡലം പ്രസിഡണ്ട് അസ്‌ലം, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രഞ്ചിൽ, വിഗ്‌നേശ്വര പ്രസാദ് എന്നിവരെയാണ് ഇന്ന് രാവിലെ പോലീസ് വീടുകളിലെത്തി കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കിയത്.

മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. എസ് പി നേരിട്ടാണ് സുരക്ഷക്ക് മേൽനോട്ടം വഹിക്കുന്നത്. മുഴുവൻ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കുന്നുണ്ട്. 20 സിഐ മാർക്കാണ് ചുമതല നൽകിയിട്ടുള്ളത്.

നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ മറികടക്കാനെന്ന ന്യായം പറഞ്ഞാണ് ജനജീവിതം ദുരിതത്തിലാക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകാൻ കുറ്റിപ്പുറം- പൊന്നാനി സംസ്ഥാനപാതയിലൂടെ രാവിലെ ഒൻപത് മണിമുതൽ 11 വരെ പൊതുജനങ്ങൾക്ക് സഞ്ചരിക്കാൻ വിലക്കേർപ്പെടുത്തി.

പരിപാടികളിൽ പങ്കെടുക്കുന്നവർ ഒരുമണിക്കൂർ മുമ്പ് വേദിയിലെത്തണം. കർശന പരിശോധനകൾക്കു ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ. മാധ്യമ പ്രവർത്തകർക്കും നിരീക്ഷണം നിർബന്ധമാണ്. പൊന്നാനി തീരദേശ റോഡ് അടച്ചിടും.

 

Related Articles

Latest Articles