തൃശൂർ: വില്ലേജ് ഓഫീസിന്റെ ഗേറ്റ് മോഷ്ടിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്‌തു. മാടക്കത്തറ സ്രാബിക്കൽ വീട്ടിൽ മനോജ് (40), വലക്കാവ് കുത്തൂർ വീട്ടിൽ സന്തോഷ് (47) എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ 27-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. അരണാട്ടുകര വില്ലേജ് ഓഫീസിന്റെ ഗേറ്റ് ആണ് മോഷ്ടിച്ചത്. ഇവരെ തൃശൂർ വെസ്റ്റ് പൊലീസാണ് പിടികൂടിയത്.
സംഭവത്തിലെ പ്രതികളെ കുറിച്ച് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനിടെയാണ് പൊലീസിന് സൂചന ലഭിച്ചത്. പ്രതികളായ രണ്ടുപേരും പെട്ടി ഓട്ടോയിൽ സംഭവസ്ഥലത്തിനടുത്തും ഒളരിയിലും പച്ചക്കറി കച്ചവടം നടത്തുന്നവരാണ്. തുടർന്ന് മോഷ്ടിച്ച ഗേറ്റ് ചിയ്യാരത്തുള്ള ആക്രികടയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.
വെസ്റ്റ് എസ്.ഐ കെ.സി. ബൈജു, എ.എസ്.ഐ സുദർശനൻ, സിവിൽ പൊലീസ് ഓഫീസർമാരായ അഭിഷ് ആൻറണി, സുധീർ, ജോസ്പോൾ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

