Tuesday, November 3, 2026

140 കോടി ജനങ്ങൾ ഇന്ത്യയിൽ ഉണ്ട് ! ലോകത്തുള്ള എല്ലാ അഭയാർഥികൾക്കും അഭയം നൽകാൻ ഇന്ത്യ ധർമ്മശാലയല്ല! സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ദില്ലി: ഇന്ത്യയിൽ അഭയാർഥിത്വം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കക്കാരനായ തമിഴ് വംശജൻ നൽകിയ ഹർജി തള്ളി സുപ്രീംകോടതി. 140 കോടി ജനങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നും വിദേശത്ത് നിന്ന് അഭയാർഥികളാകാൻ എത്തുന്നവർക്കെല്ലാം അഭയം നൽകാനാകില്ലെന്നും ലോകത്തുള്ള എല്ലാ അഭയാർഥികൾക്കും അഭയം നൽകാൻ ഇന്ത്യ ധർമ്മശാലയല്ലെന്നും ഹർജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, കെ. വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.

നിരോധിത സംഘടനയായ എൽടിടിഇയുമായി ബന്ധം ഉണ്ടെന്ന് കണ്ടെത്തലിനെത്തുടർന്ന് 2015 ൽ ഇയാൾ അറസ്റ്റിലായിരുന്നു. യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ 2018 ൽ വിചാരണക്കോടതി ഇയാൾക്ക് 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. നാല് വർഷങ്ങൾക്ക് ശേഷം 2022 ൽ മദ്രാസ് ഹൈക്കോടതി ശിക്ഷ ഏഴ് വർഷമായി വെട്ടിക്കുറച്ചു. ഇതിനൊപ്പം ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഉടൻ രാജ്യം വിട്ടുപോകണമെന്നും അതുവരെ ഡിപോർട്ടേഷൻ ക്യാമ്പിൽ കഴിയണമെന്നും മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു.

എന്നാൽ താൻ ഇന്ത്യയിൽ എത്തിയത് നിയമപ്രകാരം ഉള്ള വിസയിലാണെന്നും തിരികെ ശ്രീലങ്കയിലേക്ക് മടങ്ങിയാൽ തന്റെ ജീവിതം അപകടത്തിലാണെന്നുമാണ് ഇയാൾ സുപ്രീം കോടതിയിൽ വാദിച്ചു. തന്റെ ഭാര്യയും മക്കളും ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവരാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.എന്നാൽ ഈ വാദങ്ങൾ സുപ്രീം കോടതി അംഗീകരിച്ചില്ല.

Related Articles

Latest Articles