കണ്ണൂർ : ആറു മാസമായി ശമ്പളം കിട്ടാതായതോടെ ദുരിതത്തിലായിരിക്കുകയാണ് ആറളം ഫാമിലെ തൊഴിലാളികളും ജീവനക്കാരും.ധനകാര്യ സ്ഥാപനങ്ങളിൽ തിരിച്ചടവ് മുടങ്ങിയെന്നു മാത്രമല്ല പണം നൽകാത്തതിനാൽ നിത്യവൃത്തിക്കുള്ള സാധനങ്ങൾ തരാൻ പോലും കടക്കാർ തയാറാകുന്നില്ല എന്നുമാണ് തൊഴിലാളികൾ പറയുന്നത്.തുടർന്നാണ് സമര പ്രഖ്യാപനം നടത്തിക്കൊണ്ട് തൊഴിലാളികൾ ഫാമിൽ സൂചന പണിമുടക്ക് നടത്തിയത്.ഫാമിലെ 300 ലധികം തൊഴിലാളികളുടെയും 27 ഓളം വരുന്ന ജീവനക്കാരുടെയും അവസ്ഥ സമാനമാണ്.ഫാമിന് 13 കോടി രൂപയാണ് വന്യമൃഗങ്ങൾ വിള നശിപ്പിച്ച നഷ്ടപരിഹാര ഇനത്തിൽ വനം വകുപ്പ് കൊടുക്കാനുള്ളത്.പട്ടിക വർഗ്ഗ വകുപ്പ് ആ തുക വാങ്ങിയെടുത്താൽ ശമ്പളം കൊടുക്കാൻ പ്രയാസമുണ്ടാവില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
ആനയും കുരങ്ങും അടങ്ങുന്ന വന്യമൃഗങ്ങൾ ഫാമിലിറങ്ങാൻ തുടങ്ങിയതോടെ പല വിളവും എടുക്കാനാവുന്നില്ലെന്നും ഇതിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ ഫാമിന്റെ നിലനിൽപ് തന്നെ പ്രതിസന്ധിയിലാകുമെന്നും തൊഴിലാളികൾ പറഞ്ഞു. ആറളം ഫാമിങ്ങ് കോർപറേഷൻ ശമ്പളം നൽകുന്നത് മുടങ്ങുമ്പോൾ സംസ്ഥാന സർക്കാർ ഇടപെട്ടായിരുന്നു തൊഴിലാളികളുടെ ശമ്പള കുടിശ്ശിക തീർത്തിരുന്നത്. സർക്കാർ നേരിട്ട് ശമ്പളം കൊടുക്കുന്ന രീതി ഉണ്ടാവണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.

