ഝാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ചുപോയ പെണ്‍കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് കൈമാറില്ല. കുഞ്ഞിനെ സംരക്ഷിക്കാനുള്ള പശ്ചാത്തലം മാതാപിതാക്കള്‍ക്ക് ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അവര്‍ക്ക് നേരിട്ട് വിട്ടുകൊടുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തിരിക്കുന്നത്. നിധിയെന്ന് പേരിട്ട കുഞ്ഞിനെ ഝാര്‍ഖണ്ഡ് ശിശുക്ഷേമസമിതിക്കാകും കൈമാറുക.
രക്ഷിതാക്കള്‍ക്ക് കുഞ്ഞിനെ സംരക്ഷിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍, അതിന് ആവശ്യമായ സാമ്പത്തിക സ്ഥിതിയേക്കുറിച്ചും കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സാഹചര്യത്തെക്കുറിച്ചും ചില ആശങ്കകള്‍ ഝാര്‍ഖണ്ഡ് ശിശുക്ഷേമസമിതി നൽകിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കൈമാറാന്‍ അനുകൂലമായ സാഹചര്യമുണ്ടെന്ന് കണ്ടെത്തിയാല്‍ ഝാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് നല്‍കാം. അല്ലെങ്കില്‍ ദത്ത് നടപടികള്‍ ഉള്‍പ്പെടെയുള്ളവയിലേക്ക് കടക്കാം. കുഞ്ഞിനെ അവരവരുടെ സംസ്‌കാരത്തിന് അനുസൃതമായി വളര്‍ത്തണമെന്നതുകൂടി പരിഗണിച്ചാണ് കുഞ്ഞിനെ ഝാര്‍ഖണ്ഡ് ശിശുക്ഷേമസമിതിക്ക് കൈമാറുന്നത്.

