കഞ്ഞിക്കുഴി : വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും അധിക്ഷേപവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി രംഗത്ത്. കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെ സിപിഎം നഗരംപാറ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് വിവാദ പരാമർശങ്ങളുമായി മണി രംഗത്തെത്തിയത്. മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങൾക്ക് നന്നായി അറിയാമെന്നും, അത്തരക്കാർക്ക് വഴിനടക്കാൻ കഴിയില്ലെന്നും അദ്ദേഹം പരസ്യമായി വെല്ലുവിളിച്ചു.
നിയമ ലംഘനം നടത്തുന്ന ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓർക്കണമെന്നായിരുന്നു മണിയുടെ പ്രസ്താവന. തങ്ങൾ വീട്ടിൽ തിരിച്ചെത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞല്ല പൊതുപ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങൾ താമസിക്കുന്ന സ്ഥലം 150 വർഷം മുൻപ് വനമായിരുന്നു എന്ന് പറയുന്ന വനംവകുപ്പിന്റെ വാദങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും, കൃഷിയിടങ്ങളിലോ പുഴയോരത്തോ താമസിക്കുന്നവരുടെ അടുത്തേക്ക് ഉദ്യോഗസ്ഥർ പിടിച്ചുകയറാൻ വന്നാൽ അവിടെവെച്ച് നേരിടുമെന്നും മണി വ്യക്തമാക്കി. അത്തരം സാഹചര്യങ്ങളിൽ പിന്നെ നിയമം മണ്ണാങ്കട്ട എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും പ്രസംഗത്തിൽ കടുത്ത ഭാഷയിൽ എം.എം. മണി വിമർശനം ഉന്നയിച്ചു. സതീശൻ തിരുവനന്തപുരത്ത് ഇരുന്നാൽ മതിയെന്നും ‘ഉമ്മാക്കി’ കാട്ടി തങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും മണി പരിഹസിച്ചു. തങ്ങളെ അടിച്ചാൽ തിരിച്ചടിക്കുമെന്ന നിലപാടാണ് ഉള്ളതെന്നും, മാധ്യമങ്ങൾ ഉള്ളതുകൊണ്ട് കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വനംവകുപ്പ് ഇത്തരം ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോയാൽ വൻ ജനശക്തിയെ അണിനിരത്തി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്താൻ മടിക്കില്ലെന്നും എം.എം. മണി പറഞ്ഞു.

