Saturday, September 19, 2026

“പുരോഹിതന്മാരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകും”; ഗീവർവർഗീസ് മാർ കൂറിലോസ് മെത്രപ്പോലീത്തയ്‌ക്കെതിരെ അധിക്ഷേപവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലർ ആഗ്രഹിക്കുന്നത്. പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നാണ് ഒരു പുരോഹിതൻ പറയുന്നത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം.

എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാനങ്ങളുടെ പുരോഗതി വെളിപ്പെടുത്തുന്ന പ്രോഗ്രസ് റിപ്പോർട്ടിന്റെ പ്രകാശനത്തിൽ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടത് മുന്നണിയുടെ കനത്ത തോൽവിയിൽ സിപിഎമ്മിനെ ഗീവർഗീസ് മാർ കൂറിലോസ് വിമർശിച്ചിരുന്നു. രണ്ടാം പിണറായി സർക്കാരിന് അതിശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടെന്നും ഇനിയും പാഠം പഠിച്ചില്ലെങ്കിൽ ബംഗാളിന്റെയും ത്രിപുരയുടെയും ഗതി വരുമെന്ന് ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിലൂടെ തുറന്നടിച്ചിരുന്നു.

കിറ്റ് രാഷ്ട്രീയത്തിൽ ഒന്നിലധികം തവണ ജനങ്ങൾ വീഴില്ലെന്നും പ്രളയവും മഹാമാരിയും എപ്പോഴും രക്ഷയ്ക്ക് എത്തില്ലെന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കം ഇല്ലായ്മ, ധൂർത്ത്, വളരെ മോശമായ പൊലിസ് നയങ്ങൾ, മാദ്ധ്യമ വേട്ട, സഹകരണ ബാങ്കുകളിൽ ഉൾപ്പെടെ നടന്ന അഴിമതികൾ, പെൻഷൻ മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങൾ, എസ് എഫ് ഐയുടെ അക്രമാസക്ത രാഷ്ട്രീയം, വിമർശനങ്ങളോടുള്ള അസഹിഷ്ണുത, മത -സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങൾ, വലതു വൽക്കരണ നയങ്ങൾ തുടങ്ങി നിരവധി കാരണങ്ങളാണ് ഈ തോല്‍വിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Related Articles

Latest Articles