Tuesday, May 7, 2024
spot_img

തിരൂരിലെ ശിശുമരണങ്ങള്‍: ഇന്ന് മാതാപിതാക്കളുടെ മൊഴിയെടുക്കും

മലപ്പുറം: തിരൂരില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഒരേ മാതാപിതാക്കളുടെ ആറു കുട്ടികളും മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. ഇന്നലെ മരിച്ച മൂന്നു മാസം പ്രായമായ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്വാഭാവിക മരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തലെങ്കിലും സംശയ നിവാരണത്തിനായി പഴുതുകള്‍ അടച്ചുള്ള അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ഇന്ന് കുട്ടിയുടെ മാതാപിതാക്കളായ റഫീഖ്, സബ്‌ന എന്നിവരില്‍ നിന്നും മറ്റ് ബന്ധുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. ഈ മൊഴികള്‍ കൂടി പരിശോധിച്ചായിരിക്കും പൊലീസിന്റെ തുടര്‍ നടപടികള്‍.

മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ബന്ധുക്കള്‍ പ്രതികരിച്ചിട്ടുണ്ട്. റഫീഖ്-സബ്‌ന ദമ്പതികളുടെ നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. ഇവരില്‍ ഒരാളൊഴികെ എല്ലാവരും ഒരു വയസില്‍ താഴെ പ്രായമുള്ളപ്പോഴാണ് മരിച്ചത്. ഒരു കുട്ടി നാലര വയസിലും മരിച്ചു. 93 ദിവസം പ്രായമുള്ള ആറാമത്തെ കുട്ടിയാണ് ഇന്ന് രാവിലെ മരിച്ചത്. പോസ്റ്റുമോര്‍ട്ടം ചെയ്യാതെയാണ് എല്ലാ മൃതദേഹങ്ങള്‍ കബറടക്കിയിരുന്നത്.

ആറാമത്തെ കുട്ടി തിങ്കളാഴ്ച മരണപ്പെട്ടതിന് പിന്നാലെയാണ് അയല്‍വാസികളില്‍ ചിലര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Related Articles

Latest Articles