തിരുവനന്തപുരം : ഭക്തജനങ്ങളുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് നാളെ ആറ്റുകാല്‍ പൊങ്കാല. രാവിലെ 10.15 ന് പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമാവുക.

പൊങ്കാലയോട് അനുബന്ധിച്ച്‌ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കഴക്കൂട്ടം-കോവളം ദേശീയ പാത ബൈപാസില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ ബാരിക്കേഡുകള്‍ വച്ചു. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രധാന റോഡുകള്‍, ദേശീയ പാത, എംജി റോഡ്, എം സി റോഡ്, ബണ്ട് റോഡ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി.

പൊങ്കാല ദിവസം നഗരാതിര്‍ത്തിയിലേക്ക് വലിയ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. പൊങ്കാല കഴിഞ്ഞ് ആളുകള്‍ മടങ്ങുന്ന റോഡുകളിലൂടെ ടൂ വീലറുകള്‍ അനുവദിക്കില്ലെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി. നഗരത്തിനുള്ളില്‍ മാത്രം ഗതാഗത നിയന്ത്രണത്തിനായി 50 ല്‍ അധികം ട്രാഫിക് വാര്‍ഡന്‍മാരെ നിയമിച്ചിട്ടുണ്ട്.