2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാൻ ബിജെപിയും ശിവസേനയും തമ്മിൽ ധാരണ. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുവരും ഒരുമിച്ചുതന്നെ മത്സരിക്കും. മുംബൈയിൽ ഇരു പാർട്ടികളുടെയും നേതൃത്വത്തിൽ നടന്ന പത്ര സമ്മേളനത്തിലാണ് സഖ്യ തീരുമാനത്തെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടായത്. ബിജെപി പ്രസിഡന്റ് അമിത് ഷായും ശിവ സേന തലവൻ ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളിൽ ശിവ് സേന 23 സീറ്റിലും ബിജെപി 25 സീറ്റിലും മത്സരിക്കും. രാഷ്ട്രത്തിന്റെ പൊതു വികാരം മാനിച്ചാണ് സഖ്യത്തെക്കുറിച്ചുള്ള തീരുമാനം ഉണ്ടായതെന്നും, എൻഡിഎ തന്നെ ഭരണത്തിൽ തിരികെയെത്തുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

മുപ്പതു വർഷമായി ബിജെപിയെയും ശിവസേനയെയും ജനങ്ങൾ കാണുന്നുണ്ടെന്നും, ചില ആശയക്കുഴപ്പങ്ങൾ മൂലമാണ് അഞ്ചു വർഷത്തോളം സംഖ്യമുണ്ടാവാതിരുന്നതെന്നും ശിവ് സേന തലവൻ ഉദ്ധവ് താക്കറെ പറഞ്ഞു. പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് അദ്ദേഹം അദ്ദരാഞ്ജലികൾ അർപ്പിച്ചു. 48 ലോക്സഭാ സീറ്റുകളിൽ 45 സീറ്റുകളിൽ സംഖ്യം വിജയിക്കുമെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.