Tuesday, September 22, 2026

തിരുവനന്തപുരത്തെ മോർഫിംഗ് കേസ് ! പ്രതിയായ എംബിബിഎസ് വിദ്യാർത്ഥി വീണ്ടും അറസ്റ്റിൽ!

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിൽ നിന്ന് സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ അനുവാദമില്ലാതെ ശേഖരിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ മെഡിക്കൽ വിദ്യാർത്ഥി വീണ്ടും പോലീസിന്റെ പിടിയിലായി. വയനാട് കാക്കവയൽ സ്വദേശിയും തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയുമായ എബേൽ അഗസ്റ്റിനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ എബേലിനെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു.

ഇരുപതിലേറെ മെഡിക്കൽ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ഏഴ് പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത് ഡി.സി.പിയുടെ നേതൃത്വത്തിൽ വീണ്ടും ചോദ്യം ചെയ്തതോടെയാണ് ചൂഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൈബർ വിദഗ്ധർ പരിശോധിച്ചു വരികയാണെന്നും സുഹൃത്തുക്കൾ നിരീക്ഷണത്തിലാണെന്നും പോലീസ് വ്യക്തമാക്കി.

അതിനിടെ, പോലീസിന്റെ വീഴ്ച മൂലമാണ് പ്രതിക്ക് എളുപ്പത്തിൽ ജാമ്യം ലഭിച്ചതെന്ന് ആരോപിച്ച് നൂറോളം മെഡിക്കൽ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം രാത്രി മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനു മുന്നിൽ മണിക്കൂറുകളോളം പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ പരാതി നൽകാൻ കയറിയ വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പോലീസ് പകർത്തിയെന്ന ആരോപണം രംഗം കൂടുതൽ വഷളാക്കിയെങ്കിലും, ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതോടെയാണ് രംഗം ശാന്തമായത്. തുടർന്ന് വിദ്യാർത്ഥികളുടെ പരാതി കേൾക്കാൻ തയ്യാറായ പോലീസ് രണ്ട് എഫ്.ഐ.ആറുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോളജ് യൂണിയൻ ഭാരവാഹികൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

Related Articles

Latest Articles