Monday, November 2, 2026

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി: എഡിജിപി എം.ആർ. അജിത്കുമാറിന് സസ്പെൻഷൻ; ഡിജിപി സ്ഥാനക്കയറ്റം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം : ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ എഡിജിപി എം.ആർ. അജിത്കുമാറിന് സസ്പെൻഷൻ. ഡി.ജി.പി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ നിർണ്ണായക നടപടി. കേസന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഡിജിപി രവാഡ ചന്ദ്രശേഖർ ആഭ്യന്തര സെക്രട്ടറി വഴി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് സസ്പെൻഷൻ തീരുമാനമുണ്ടായത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.

കേസ് ഡയറി തിരുത്താൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ അന്വേഷണ സംഘത്തെ സ്വന്തം ഓഫീസിലേക്ക് വിളിച്ചുവരുത്തി അട്ടിമറിക്ക് നിർദ്ദേശം നൽകിയത് അജിത്കുമാറാണെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ. സംഭവസമയത്ത് താൻ വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽ രക്ഷാദൗത്യ ഏകോപന ചുമതലയിലായിരുന്നുവെന്നും കൂടുതൽ വിശദീകരണത്തിന് സമയം വേണമെന്നുമുള്ള അജിത്കുമാറിന്റെ വാദം തള്ളിയാണ് ഡി.ജി.പി റിപ്പോർട്ട് കൈമാറിയത്. കേസ് ഡയറി തിരുത്തിയതിന് തെളിവായി ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ എസ്ഐടി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ഒഴിവിലേക്ക് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കേണ്ടിയിരുന്ന അജിത്കുമാറിന് ഈ നടപടിയോടെ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത മങ്ങുകയും ചെയ്തിരിക്കുകയാണ്.

Related Articles

Latest Articles