മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വൻ വിജയം സ്വന്തമാക്കിയ ബിജെപി നേതൃത്വം നൽകുന്ന മഹായുതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹികമാദ്ധ്യമമായ എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലങ്ങൾ എൻഡിഎയും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വികസന പ്രവർത്തനങ്ങൾക്കും മഹാരാഷ്ട്രയുടെ സാംസ്കാരിക പൈതൃകത്തിനുമുള്ള വലിയൊരു അംഗീകാരമാണ് ഈ ജനവിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഡിഎയുടെ ജനപക്ഷ ഭരണത്തിനും വികസന കാഴ്ചപ്പാടിനും ലഭിച്ച അനുഗ്രഹമാണിതെന്നും പ്രതിപക്ഷത്തിന്റെ വ്യാജപ്രചാരണങ്ങളെ അതിജീവിച്ച് താഴെത്തട്ടിൽ പ്രവർത്തിച്ച ഓരോ പ്രവർത്തകനിലും താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി-ശിവസേന സഖ്യത്തിന്റെ ഉജ്ജ്വല വിജയം എൻഡിഎയുടെ വികസന നയങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസമാണ് അടിവരയിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള വികസന അജണ്ടയ്ക്ക് രാജ്യം മുഴുവൻ നൽകുന്ന പിന്തുണയുടെ പ്രതിഫലനമാണ് ഈ ഫലമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹായുതി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ജനങ്ങളുടെ സാക്ഷ്യപത്രമാണ് ഈ വിജയമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെയും പാർട്ടി പ്രവർത്തകരെയും അഭിനന്ദിച്ചു.
സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഭരണത്തിനുള്ള ശക്തമായ പിന്തുണയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും നേതൃത്വത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഈ ചരിത്ര വിജയത്തിലൂടെ പ്രകടമായതെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി 15-ന് നടന്ന വോട്ടെടുപ്പിൽ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലായി നടന്ന പോരാട്ടത്തിലാണ് എൻഡിഎ ഐതിഹാസിക വിജയം സ്വന്തമാക്കിയത്.

