ഭോപ്പാൽ : ഇത് പുതിയ ഭാരതമാണെന്നും ഇന്ന് രാജ്യം ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാന്റെ ആണവ ഭീഷണികളെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന. വേണമെങ്കിൽ ശത്രുക്കളെ അവരുടെ വീട്ടിൽ ചെന്ന് ഇല്ലാതാക്കാൻ ഭാരതത്തിന് കഴിവുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ ധറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 75ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഭാരതം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെയും ഇന്ത്യന്‍ സൈനികരുടെ ധീരതയേയും അദ്ദേഹം പ്രശംസിച്ചു.
പാക് സൈനിക മേധാവി അസിം മുനീർ അടുത്തിടെ നടത്തിയ ആണവയുദ്ധ ഭീഷണിക്കുള്ള മറുപടിയായിട്ടാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശങ്ങൾ വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുമായുള്ള ഭാവി യുദ്ധത്തിൽ തങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിട്ടാൽ ആണവയുദ്ധമുണ്ടാകുമെന്നും അത് ലോകത്തിന്റെ പകുതിയെ നശിപ്പിക്കുമെന്നുമാണ് മുനീർ ഭീഷണി മുഴക്കിയിരുന്നത്.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ജെയ്‌ഷെ മുഹമ്മദ് നടത്തിയ വെളിപ്പെടുത്തലുകൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഞങ്ങൾ ഭീകരരുടെ ലോഞ്ച് പാഡുകളാണ് വെളിച്ചത്തുകൊണ്ടുവന്നത്, ജെയ്‌ഷെ മുഹമ്മദ് പാകിസ്ഥാന്റെ യഥാർത്ഥ മുഖം ലോകത്തിന് കാണിച്ചുകൊടുത്തു,” അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാനിലും പാക് അധീന കശ്മീരിലും നടന്ന ആക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദിനുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ഭീകരസംഘടന തന്നെ തുറന്നുപറഞ്ഞത് പാക് നയതന്ത്രത്തിന് വലിയ തിരിച്ചടിയാണെന്ന് മോദി ചൂണ്ടിക്കാട്ടി.
ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ കുടുംബം ഇന്ത്യൻ ആക്രമണത്തിൽ ഛിന്നിച്ചിതറിയെന്ന ജെയ്‌ഷെ കമാൻഡർ മസൂദ് ഇല്ല്യാസിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനകൾ. ഈ വെളിപ്പെടുത്തൽ പാകിസ്ഥാൻ ഭീകരവാദികളെ സംരക്ഷിക്കുന്നു എന്നതിന് കൂടുതൽ തെളിവ് നൽകുന്നു.

