Wednesday, May 29, 2024
spot_img

കാര്യങ്ങളറിയാതെ റെയിൽവേയേയും ഉദ്യോഗസ്ഥരേയും ഗവണ്മെന്റിനേയും കുറ്റപ്പെടുത്തുന്നവരെ.. ഒഡിഷ ട്രെയിൻ ദുരന്തത്തിൽ ഒരു ഇന്ത്യൻ റെയിൽവേ ലോക്കോപൈലറ്റിന് പറയാനുള്ളത് കേൾക്കൂ ..

രാജ്യത്തെ ഞെട്ടിച്ച ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 288 ആയി ഉയർന്നു. ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്കാണിത്. 803 പേർക്ക് പരിക്കേറ്റു ഇതിൽ 56 പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. രക്ഷാദൗത്യം പൂർത്തിയായി. ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങിയെന്ന് റെയിൽവേ അറിയിച്ചു. ദുരന്തത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തെ സർക്കാരിനെതിരെയുള്ള ആയുധമാക്കി മാറ്റുവാൻ ചില രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം ശ്രമം തുടങ്ങിയിട്ടുണ്ട്. കാര്യങ്ങളറിയാതെ റെയിൽവേയേയും ഉദ്യോഗസ്ഥരേയും ഗവണ്മെന്റിനേയുംകുറ്റപ്പെടുത്തുകയാണിവർ. ഒഡിഷ ട്രെയിൻ ദുരന്തത്തിൽ ഇന്ത്യൻ റെയിൽവേ ലോക്കോപൈലറ്റ് കൂടിയായ അരുൺ സോമനാഥന്റെ പോസ്റ്റ് വൈറലാവുകയാണ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പ് വായിക്കാം.

പ്രഥമാന്വേഷണ റിപ്പോർട്ട് പ്രകാരം ഒഡീഷാ ട്രയിനപകടത്തിലെ ദുരൂഹത ആദ്യത്തെ ട്രയിൻ പാളം തെറ്റിയതെങ്ങനെ എന്നതിലാണ്.‌ രണ്ടാമത്തെ ട്രയിൻ അതേസമയം ക്രോസ്സ് ചെയ്തതിനാൽ പാളം തെറ്റിവീണ മറ്റേട്രയിനിന്റെ കോച്ചുകളിൽ ഇടിച്ച് പാളം തെറ്റിയാണ് ഈ ദുരന്തം ഇത്ര വലുതായത്. അത് വളരെ ദൗർഭാഗ്യകരമെന്ന് തന്നെ പറയണം. കാരണം ഒരേസമയം ട്രയിനുകൾ ക്രോസ്സ് ചെയ്യുന്ന സമയം തന്നെ ഒരു ട്രയിനിന് ആക്സിഡന്റ് നടന്ന് രണ്ടും പെടുകയാണ്.
സാഹചര്യമിങ്ങനെയാണ്. ചെന്നൈയിലേക്ക് പോകുകയായിരുന്ന കോറമാൻഡൽ എക്സ്പ്രസ്സിനും വിപരീത ദിശയിൽ പോകുകയായിരുന്ന ഹൗറാ എക്സ്പ്രസ്സിനും ഒരേ സമയം ലൈൻ ക്ലിയർ കൊടുത്ത് സ്റ്റേഷൻ ത്രൂ ആക്കിയിരിക്കുകയാണ്. ഇതേ സമയം ഇരു സൈഡിലെയും ലൂപ്പ് ലൈനുകളിൽ ഗുഡ്സ് ട്രയിൻ റിസീവ് ചെയ്ത് നിർത്തിയിട്ടുമുണ്ട്.
ലൈൻ ക്ലിയർ കൊടുത്താൽ സ്റ്റേഷനിലേക്ക് എന്റർ ആകാനുള്ള ഹോം സിഗ്നൽ ഗ്രീൻ ആയിരിക്കും. അതായത് മെയിൻ ലൈനിൽ വരുന്ന ട്രയിനിന്റ് ലോക്കോ പൈലറ്റ് ഒരു കാരണവശാലും സ്പീഡ് കുറയ്ക്കില്ല. ആ സെക്ഷനിൽ സ്പീഡ് 130 kmph ലേക്ക് അപ്ഗ്രേഡ് ചെയ്തതാണ്. അതിനാൽത്തന്നെ 128 kmph ൽ എങ്കിലും ആയിരിക്കും ആദ്യ ട്രയിനായ കോറമാണ്ടൽ എക്സ്പ്രസ്സ് വന്നിട്ടുണ്ടാകുക.
എന്നാൽ നമുക്കറിയാത്ത എന്തോ കാരണത്താൽ ഈ ട്രയിൻ പാളം തെറ്റി ലൂപ്പ് ലൈനിലേക്ക് കയറുകയാണ്. എന്നിട്ട് അവിടെയുണ്ടായിരുന്ന ഗുഡ്സ് ട്രയിനിന്റെ പുറകിലിടിച്ച് വാഗണുകളും പൊളിച്ച് അകത്തുകയറുന്നു. ഇതിന്റ് പുറകിലെ കോച്ചുകളും പാളം തെറ്റി വശങ്ങളിലേക്കും എതിർദിശയിലെ മെയിൻ ലൈനിലേക്കും വീഴുന്നു.‌
ഇതേസമയം തന്നെ 128 kmph ൽ , സ്റ്റേഷൻ ത്രൂ ആയ് പോകുന്ന ഹൗറാ എക്സ്പ്രസ്സിലേക്ക് ഈ കോച്ചുകൾ ഇടിച്ചുകയറി അതിന്റെ കോച്ചുകളും പാളം തെറ്റുകയാണ്.
ഹൗറാ എക്സ്പ്രസ്സ് കുറച്ച് താമസിച്ചിരുന്നെങ്കിൽ ഈ ആക്സിഡന്റിനാൽ ലൈൻ ക്ലിയർ കൊടുക്കില്ല എന്നതിലാണ് നാം ഈ ദൗർഭാഗ്യത്തിന്റ് വ്യാപ്തി മനസ്സിലാക്കേണ്ടത്. എല്ലാം ഒരുമിച്ച് ഒരു സമയം സംഭവിച്ചു.
എന്തുകാരണം കൊണ്ട് ട്രയിൻ ലൂപ് ലൈനിലേക്ക് പാളം തെറ്റിക്കയറി എന്ന വിഷയത്തിൽ ആണിനി വിദഗ്ധ അന്വേഷണം നടത്തുക.
കവച് സിസ്റ്റം ഉണ്ടായിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നോ ? ഇല്ല.
ഈ റൂട്ടിൽ കവച് സിസ്റ്റം ഇമ്പ്ലിമെന്റ് ചെയ്യാനിരിക്കുന്നതേ ഉള്ളൂ. അടുത്തയിടെയാണല്ലോ റയിൽ മന്ത്രി കയറിയ ട്രയിനും എതിരേ റയിൽവേ ബോർഡ് ചെയർമാൻ കയറിയ ട്രയിനും മാക്സിമം സ്പീഡിൽ ഓടിച്ച് ഒരു ഹെഡ് ഓൺ കൊളീഷൻ ഒഴിവാക്കി കവച് സിസ്റ്റം വിജയകരമായി പരീക്ഷിച്ചത്. ഈ സിസ്റ്റം ഉണ്ടായിരുന്നെങ്കിലും ഈ ദുരന്തങ്ങൾ ഒഴിവാക്കാനാകുമായിരുന്നില്ല. അതായത് ആദ്യത്തെ ട്രയിൻ പാളം തെറ്റുന്നത് തടയാൻ ഈ സിസ്റ്റത്തിനു കഴിയില്ല. ഇത് രണ്ട് ട്രയിനുകൾ തമ്മിലുള്ള കൊളീഷൻ തടയാനുള്ള സിസ്റ്റമാണ്. പാളത്തിൽ കോച്ചുകൾ വീണുകിടന്നാലും കവച് ആക്റ്റീവ് ആകും. എന്നാൽ ഒരു ട്രയിൻ പാളം തെറ്റിവന്ന് വശങ്ങളിലേക്കുള്ള കൊളീഷൻ എങ്ങനെ തടയാനാണ്..
ഈ സിഗ്നൽ സിസ്റ്റം ഫെയിൽ സേഫ് അല്ലേ?
ഈ ലൈനിൽ ഇതിനു മുൻപും ട്രയിനുകൾ പോയിരിക്കുന്നത് ഇതേ ഇന്റലോക്ക് സിസ്റ്റം ഉപയോഗിക്കുന്ന സിഗ്നൽ സിസ്റ്റം ഉപയോഗിച്ചല്ലേ.. റയിൽവേയിൽ ഒരു കാരണവശാലും ഹോം സിഗ്നൽ ഗ്രീൻ ആയാൽ പാളം ലൂപ് ലൈനിലേക്ക് സെറ്റാവില്ല. സ്റ്റേഷൻ മാസ്റ്ററുടെ റൂമിൽ ഇരിക്കുന്ന കണ്ട്രോൾ പാനൽ നിങ്ങൾ കണ്ടിട്ടുണ്ടാകും. അതിലെ സ്വിച്ചുകളിലൂടെയാണ് പാളങ്ങൾ സെറ്റ് ചെയ്യുന്നത്. ഗുഡ്സ് ട്രയിൻ ലൂപ്പിലേക്ക് റിസീവ് ചെയ്ത ശേഷം അത് മെയിൻ ലൈനിലേക്ക് സെറ്റ് ചെയ്താലേ ഹോം സിഗ്നലും സ്റ്റാർട്ടർ സിഗ്നലും ഗ്രീൻ ആക്കി ലൈൻ ക്ലിയർ കൊടുക്കാൻ പറ്റൂ.. സ്റ്റേഷൻ മാസ്റ്ററുടെ പാനലിൽ ലൈൻ ക്ലിയർ തെളിഞ്ഞു പക്ഷേ ഈ ലൂപ്പ് ലൈനിൽ നിന്നും തിരികെ മെയിൻ ലൈനിലേക്ക് പാളം സെറ്റായിരുന്നില്ല എന്നാണ്‌ “ഇപ്പോൾ കരുതുന്നത്”.
വർഷങ്ങളായി ഇന്ത്യൻ റയിൽവേ ഈ സിസ്റ്റത്തിൽ അല്ലേ ആയിരക്കണക്കിനു സർവീസുകൾ നടത്തുന്നത്.ലക്ഷക്കണക്കിനു തവണയല്ലേ ഒരുദിവസം എല്ലാ സ്റ്റേഷനിലും ആയ് ഈ സിസ്റ്റം വർക്ക് ചെയ്യുന്നത്. പക്ഷേ ഈ ഒരുതവണ എങ്ങനെ ഫെയിൽ ആയ്, ഇവിടെയെന്ത് സംഭവിച്ചു എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. വിശദമായ അന്വേഷണം സത്യം പുറത്തുകൊണ്ടുവരട്ടെ എന്ന് ആഗ്രഹിക്കാം..
ലോക്കോ പൈലറ്റ്സ് ഐസിയുവിലാണെന്ന് കേട്ടു. അവർ രക്ഷപെടട്ടെ. എങ്കിലും അവർക്ക് ഒന്നും അറിയാൻ വഴിയുണ്ടാവില്ല. ഇത് പഴയ ഐസിഎഫ് കോച്ചുകളാരുന്നെങ്കിൽ ഇതിന്റെ പലമടങ്ങ് ആയിരുന്നേനേ അപകടത്തിന്റെ വ്യാപ്തി. കഴിഞ്ഞ കുറേവർഷങ്ങളായി പഴയ ടൈപ്പ് കോച്ചിന്റെ പ്രൊഡക്ഷൻ നിർത്തി പൂർണ്ണമായും ആന്റിടെലിസ്കോപ്പിക് പ്രോപ്പർട്ടി കൂടുതലുള്ള LHB കോച്ച് നിർമ്മിച്ച് ഓരോ ട്രയിനുകളായി റീപ്ലേസ് ചെയ്ത് വരികയാണ്. ആന്റിടെലിസ്കോപ്പിക് എന്ന് പറഞ്ഞാൽ ഒരു കോച്ച് മറ്റൊരു കോച്ചിന്റ് മുകളിലേക്ക് കയറി ദുരന്തം കൂട്ടാതെ വശങ്ങളിലേക്ക് തെന്നിമാറും. ഈ ദുരന്തത്തിൽ ആ സാദ്ധ്യത മൂലമുള്ളത് കുറഞ്ഞു എന്ന് പറയാമെന്നേ ഉള്ളൂ.
കാര്യങ്ങളറിയാതെ നമുക്ക് റയിൽവേയേയും ഉദ്യോഗസ്ഥരേയും ഗവണ്മെന്റിനേയും കുറ്റപ്പെടുത്താം എന്നേ ഉള്ളൂ.. യഥാർത്ഥത്തിൽ നടന്ന ആ ഒരു പിഴവ് അതായത് ട്രാക്ക് ലൂപ് ലൈനിലേക്ക് സെറ്റായി എന്നാൽ ലൈൻ ക്ലിയർ കിട്ടി എന്ന പിഴവ്, ആദ്യമായ് എങ്ങനെ സംഭവിച്ചു എന്നത് നമ്മുടെയെല്ലാം ഭാവിജീവിതത്തെ വരെ ബാധിക്കുന്ന ഒരു ചോദ്യമാണ്. (ഇവിടെ എന്റെ പരിചയം വച്ചുള്ള തോന്നൽ എഴുതുന്നത് ശരിയല്ലാത്തതുകൊണ്ട് അതുചെയ്യുന്നില്ല)
അങ്ങേയറ്റം ദൗർഭാഗ്യകരമായ ഈ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ.
പ്രണാമം 🙏

Related Articles

Latest Articles