ബാലാസോർ : രാജ്യത്തെ ഞെട്ടിച്ച ഒഡിഷലെ ട്രെയിൻ ദുരന്തമുഖത്ത് പതിവുപോലെ സ്വയംസേവകരും സേവാഭാരതിയും സേവാനിരതരായി രംഗത്ത്.അപകടവിവരമറിഞ്ഞയുടൻ തന്നെ ദുരന്തമുഖത്ത് ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു കൊടുക്കുവാൻ അവർ മുന്നിലുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചവർക്ക് രക്തവും, ഭക്ഷണവും മറ്റ് സൗകര്യങ്ങളും നൽകുവാനും ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വേണ്ട പോലെ ക്രമീകരിച്ചു സൂക്ഷിക്കുവാനും അവകാശികളെ ഏൽപ്പിക്കുവാനുമെല്ലാം ഉദ്യോഗസ്ഥർക്കൊപ്പവും പോലീസിനുമൊപ്പം സ്വയംസേവകർ പ്രവർത്തിച്ചു.
“നരസേവ നാരായണ സേവ” തന്നെയാണ് എന്ന തങ്ങളുടെ ദൗത്യബോധം ഒരിക്കൽ കൂടി അവർ കർമ്മം കൊണ്ട് തെളിയിച്ചു.

അതേസമയം രാജ്യത്തെ ഞെട്ടിച്ച ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 288 ആയി ഉയർന്നു. ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്കാണിത്. 803 പേർക്ക് പരിക്കേറ്റു ഇതിൽ 56 പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. രക്ഷാദൗത്യം പൂർത്തിയായി. ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങിയെന്ന് റെയിൽവേ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷയിൽ ഉന്നതതലയോഗം ചേര്‍ന്നു. ശേഷം പ്രധാനമന്ത്രി അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആശുപത്രികളിൽ ചികിത്സയിലുള്ളവരെയും പ്രധാനമന്ത്രി സന്ദർശിച്ചു. കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും പ്രധാനമന്ത്രിയെ അനുഗമിച്ചു.
ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു–ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽ നിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പാളം തെറ്റിക്കിടന്നിരുന്ന കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചു.

