തിരുവനന്തപുരം : നിസ്‌കാര സമയം നീട്ടണമെന്നും പ്രത്യേക മുറി വേണമെന്നും ആവശ്യപ്പെട്ട് മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഉണ്ടായ വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്നിൽ മത തീവ്രവാദ ചിന്താഗതിക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നമാസ് നടത്താൻ അനുമതിയില്ലെങ്കിൽ ഭീഷണിപ്പെടുത്തുകയാണ്. സംസ്ഥാനത്തെ ചില പ്രത്യേക മത വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മനഃപൂർവം പ്രശ്‌നമുണ്ടാക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
മുസ്ലീം മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റു മതക്കാർക്ക് പ്രാർത്ഥിക്കാനിടമുണ്ടോയെന്ന് വ്യക്തമാക്കണം. ഇടതുപക്ഷവും കോൺഗ്രസും ഈ വിഭാഗത്തെ പിന്തുണക്കുകയാണെന്നും പ്രകോപനം ഉണ്ടാക്കുന്നവരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ക്ലാസ് മുറിയിൽ നിസ്‌ക്കരിക്കാൻ അനുവദിച്ചില്ലെന്ന ആരോപണവുമായി ഇന്നലെയാണ് മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ പ്രിൻസിപ്പൽ ഫാ. ഡോ. കെവിൻ കെ കുര്യാക്കോസിനെ തടഞ്ഞത്. നിസ്‌ക്കരിക്കുന്നതിനായി പ്രത്യേക സ്ഥലം അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ വിദ്യാർത്ഥികൾക്കെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്.
തോന്നുന്നിടത്തൊക്കെ നിസ്‌കരിക്കാൻ ഇത് പാകിസ്ഥാനല്ലെന്നും സ്ഥാപനം പൂട്ടേണ്ടി വന്നാലും നിസ്‌ക്കരിക്കാൻ സ്ഥലം നൽകരുതെന്നും കാസ (ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയ്ൻസ് ഫോർ സോഷ്യൽ ആക്ഷൻ) പറഞ്ഞു. മുസ്ലിം മാനേജ്‌മന്റ് നടത്തുന്ന നിരവധി കോളേജുകൾ മൂവാറ്റുപുഴയിൽ ഉണ്ട്. അവയിൽ എവിടെയെങ്കിലും കത്തോലിക്കനോ ഹൈന്ദവനോ പ്രാർത്ഥിക്കാൻ കുരിശു പള്ളിയോ ക്ഷേത്രമോ ഒരുക്കി നൽകിയിട്ടുണ്ടോ എന്നാണ് പി സി ജോർജ് ചോദിക്കുന്നത്.

