സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഒരാള്‍ ഇറ്റലിയില്‍ നിന്ന് യു.എ.ഇ വഴി മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിയും മറ്റൊരാള്‍ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ താമസിച്ച ഇറ്റലി സ്വദേശിയുമാണ്. ഫെബ്രുവരി അവസാനമാണ് ഇറ്റാലിയന്‍ പൗരന്‍ തലസ്ഥാനത്ത് എത്തിയത്. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 19 ആയി. നേരത്തെ രോഗം ഭേദമായ മൂന്ന് പേര്‍ ഉള്‍പ്പെടെ ആകെ 22 പേര്‍.
ഇന്ന് പുതുതായി സ്ഥിരീകരിച്ച ഒരാളുടെ കാര്യത്തില്‍ ഇന്നലെ തന്നെ ആരോഗ്യ വകുപ്പ് സംശയം പ്രകടിപ്പിച്ചിരുന്നു. ഇയാള്‍ ഉള്‍പ്പെടെയാണ് ആകെ എണ്ണം സര്‍ക്കര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ച രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റും. 5468 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നു. 1715 സാമ്പിളുകളില്‍ 1132 എണ്ണം നെഗറ്റീവ് ആണ്. ഇന്ന് 69 പേര്‍ അഡ്മിറ്റായി.
ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചയാണ് ഇക്കാര്യം. ആരോഗ്യ മന്ത്രി കെ.കെ ശൈലജയും യോഗത്തിലും തുടര്‍ന്നുള്ള വാര്‍ത്താ സമ്മേളനത്തിലും പങ്കെടുത്തു.

