കോഴിക്കോട്: താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. തട്ടിക്കൊണ്ടുപോകുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പരപ്പന്‍ പൊയില്‍, താമരശേരി ഭാഗങ്ങളില്‍ കാറില്‍ കറങ്ങി നടന്നവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാസര്‍കോട് രജിസ്‌ട്രേഷന്‍ കാറും വാടകയ്ക്ക് എടുത്ത് നല്‍കിയ യുവാവിനെയും കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിടിയിലായവരില്‍ നിന്നും ഷാഫിയെ ബന്ദിയാക്കി വെച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി.
അതിനിടെ, പ്രവാസിയുടെ പുതിയ വീഡിയോ പുറത്തുവന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സഹോദരന്‍ നൗഫലാണെന്ന് ഷാഫി ആരോപിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. നൗഫലിനെ സൂക്ഷിക്കണമെന്ന് പിതാവ് പറഞ്ഞിരുന്നെന്നും ഷാഫി വീഡിയോയില്‍ വ്യക്തമാക്കുന്നു.തന്റെ സ്വത്ത് തട്ടിയെടുക്കയാണ് തട്ടിക്കൊണ്ടുപോകലിലൂടെ നൗഫല്‍ ലക്ഷ്യമിട്ടതെന്ന് ഷാഫി പറഞ്ഞു. തനിക്ക് രണ്ടുപെണ്‍ മക്കളാണ് ഉള്ളത്. പെണ്‍മക്കള്‍ ഉള്ള അച്ഛന്‍ മരിച്ച് കഴിഞ്ഞാല്‍ മതാചാര പ്രകാരം സ്വത്ത് സഹോദരനിലേക്കാണ് പോകുക. അതുകൊണ്ട് സഹോദരനെ ശ്രദ്ധിക്കണമെന്ന് ഉപ്പ പറഞ്ഞതായാണ് ഷാഫി പറയുന്നത്. കരഞ്ഞുകൊണ്ടാണ് ഷാഫി കാര്യങ്ങള്‍ പറയുന്നത്. എന്നാല്‍ തട്ടിക്കൊണ്ടുപോയ സംഘം ഷാഫിയെ കൊണ്ട് ഭിഷണിപ്പെടുത്തി പറയിക്കുന്നതാണെന്നാണ് പൊലീസിന്റെ നിഗമനം.

