Saturday, January 10, 2026

വെള്ളായണി കായലിൽ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു !അപകടത്തിൽപ്പെട്ടത് വെങ്ങാനൂർ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികൾ

തിരുവനന്തപുരം വെള്ളായണി കായലിലെ വവ്വാമൂലയിൽ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കൾ മുങ്ങിമരിച്ചു. മുകുന്ദനുണ്ണി (19), ഫെർഡിൻ (19), ലിബിനോൺ (19 ) എന്നിവരാണു മരിച്ചത്. വിഴിഞ്ഞം ക്രൈസ്റ്റ് കോളജിലെ വിദ്യാർത്ഥികളാണിവർ. ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയാണു സംഭവം.

രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണു കായലിൽ കുളിക്കാനായി എത്തിയത്. ഇതിൽ മൂന്നുപേർ കുളിക്കാനിറങ്ങുകയും ഒരാൾ കരയിൽതന്നെ നിൽക്കുകയുമായിരുന്നു. സുഹൃത്തുക്കൾ ഒഴുക്കിൽപ്പെട്ടെന്നു മനസ്സിലായതോടെ കരയിലുണ്ടായിരുന്ന നാലാമൻ പരിസരവാസികളെ വിളിച്ചുകൂട്ടുകയുമായിരുന്നു. മൂന്നുപേരെയും ഉടൻ തന്നെ കരയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. കായലിൽനിന്നും മണ്ണെടുത്തതിനെ തുടർന്ന് ഇവിടെ വലിയ കയം രൂപപ്പെട്ടിരുന്നതായി പരിസരവാസികൾ പറയുന്നു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോസ്റ്റ്‍മോർട്ടത്തിനായി കൊണ്ടുപോകും.

Related Articles

Latest Articles