Thursday, May 16, 2024
spot_img

ഓരാൾ സ്ഥാനാര്‍ത്ഥി ആണല്ലേ എന്ന് തന്നെ ചോദിച്ചു! എനിക്ക് അതൊന്നും അറിയില്ല, ഞാനറിയാത്ത കാര്യം എങ്ങനെയാ പറയുക? തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് ഉമ കെ തോമസ്

കൊച്ചി:തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് ഉമ കെ തോമസ്. ആളുകള്‍ സ്ഥാനാര്‍ത്ഥിയാണല്ലേ എന്ന് ചോദിച്ചുവെന്നും എന്നാല്‍ തനിക്ക് അറിയാത്ത കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ഉമ തോമസ് വ്യക്തമാക്കുകയും ചെയ്തു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

കുറേപ്പേര്‍ വിളിച്ചു ചോദിച്ചു. ഓരാൾ സ്ഥാനാര്‍ത്ഥി ആണല്ലേ എന്ന് തന്നെ ചോദിച്ചു. എനിക്ക് അതൊന്നും അറിയില്ല. ഞാനറിയാത്ത കാര്യം എങ്ങനെയാ പറയുക. ഒന്നും അറിയില്ലാട്ടോ – ഉമ തോമസ് പറഞ്ഞു. അതേസമയം, ചിട്ടയായി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനം കോണ്‍ഗ്രസിനും യു ഡി എഫിനും മണ്ഡലത്തിലുണ്ട്. നാളെ മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ട പരിപാടികള്‍ക്ക് തുടക്കം കുറിക്കും. എത്രയും വേഗത്തില്‍ സ്ഥാനര്‍ഥിയെ പ്രഖ്യാപിക്കും . പി ടി തോമസ് വിജയിച്ചതിനേക്കാള്‍ ഉജ്ജ്വലമായ ഭൂരിപക്ഷത്തില യു ഡി എഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു.

കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനകീയ വിചാരണയ്ക്ക് വിധേയമാക്കും. സില്‍വര്‍ ലൈന്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ ചര്‍ച്ചാ വിഷയവും അതു തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃക്കാക്കര എം എല്‍ എ ആയിരുന്നു പിടി തോമസിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മെയ് 31 നാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ 3 ന് വോട്ടെണ്ണല്‍ നടക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയത് മെയ് 11 നാണ്. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നത്.

Related Articles

Latest Articles