Wednesday, January 7, 2026

ഏഷ്യാഡിൽ വീണ്ടും മലയാളിത്തിളക്കം ! വനിതാ ലോങ് ജമ്പിൽ തൃശൂർ നാട്ടിക സ്വദേശി ആൻസി സോജന് വെള്ളി മെഡൽ

ഹാങ്ചൗ : ഏഷ്യാഡിൽ വീണ്ടും മലയാളിത്തിളക്കം. ഇന്നലെ മലയാളി താരങ്ങളായ എം ശ്രീശങ്കറും ജിൻസൺ ജോൺസണും മെഡൽ നേടിയതിന് പിന്നാലെ ഇന്ന് നടന്ന വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന്‍ വെള്ളി നേടി ഭാരതത്തിന്റെ അഭിമാനമായി. 6.63 മീറ്റർ ദൂരം ചാടിയാണ് ആന്‍സി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. തൃശ്ശൂർ നാട്ടിക സ്വദേശിനിയാണ് ആൻസി സോജൻ.

ആദ്യശ്രമത്തിൽ 6.13 മീറ്ററും രണ്ടാം ശ്രമത്തിൽ 6.49 മീറ്ററും മൂന്നാം ശ്രമത്തിൽ 6.56 മീറ്ററും നാലം ശ്രമത്തിൽ 6.30 മീറ്ററും പിന്നിട്ട ആൻസി അവസാന ചാട്ടത്തിൽ 6.63 മീറ്ററും പിന്നിട്ട് വെള്ളി മെഡല്‍ സുരക്ഷിതമാക്കി.
ഇതോടെ ഇന്ത്യക്ക് ലോങ് ജമ്പില്‍ ഇരട്ട വെള്ളി മെഡലായി. രണ്ടും നേടിയതാകട്ടെ മലയാളി താരങ്ങളും. ഇന്നലെ നടന്ന പുരുഷവിഭാ​ഗം ലോങ് ജമ്പിൽ പാലക്കാട് സ്വദേശിയായ എം. ശ്രീശങ്കറും വെള്ളി നേടിയിരുന്നു. 8.19 മീറ്റര്‍ ദൂരം ചാടിയാണ് താരം മെഡല്‍ കരസ്ഥമാക്കിയത്. 1500 മീറ്റർ ഓട്ടമത്സരത്തിലാണ് ഇന്നലെ മലയാളി താരം ജിൻസൺ ജോൺസൺ വെങ്കല മെഡൽ നേടിയത്.

Related Articles

Latest Articles