Thursday, May 2, 2024
spot_img

ഐഎസ് ഭീകരൻ ഷ‌ഹ്നവാസും സംഘവും കേരളത്തിലെത്തി! ദില്ലി പോലീസിന്റെ കണ്ടെത്തലിന് പിന്നാലെ കേരള പോലീസ് അന്വേഷണം ആരംഭിച്ചു;അന്വേഷണ ചുമതല ADGP മനോജ് എബ്രഹാമിന്

ദില്ലി : ജയ്പുരിൽ അറസ്റ്റിലായ രാജ്യം തലയ്ക്കു വിലയിട്ടിരുന്ന ഐഎസ് ഭീകരൻ ഷാഫി ഉസമ എന്നറിയപ്പെടുന്ന ഷ‌ഹ്നവാസും സംഘവും കേരളത്തിലും എത്തിയിരുന്നുവെന്ന ദില്ലി പോലീസ് സ്പെഷൽ സെല്ലിന്റെ കണ്ടെത്തലിന് പിന്നാലെ സംഭവത്തിൽ കേരളാ പോലീസ് അന്വേഷണം ആരംഭിച്ചു. ADGP മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. കൂടുതൽ വിവരങ്ങൾ ദില്ലി പോലീസ് സ്പെഷൽ സെല്ലിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

പിടിയിലായ ഭീകരർ ദക്ഷിണേന്ത്യയിൽ വിവിധയിടങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടതായും ദില്ലി പോലീസ് വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായ മൂന്നുപേരും എൻജിനീയറിങ് ബിരുദധാരികളാണ്. ഇവർ ചെറു സംഘങ്ങളായി ഐഎസ് മൊഡ്യൂളുകൾ രൂപീകരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താ‌നായിരുന്നു പദ്ധതി.

അറസ്റ്റിലായവർ കേരളത്തിലുൾപ്പെടെ പശ്ചിമഘട്ടത്തിലെ വനമേഖലകളിൽ താമസിക്കുകയും ഐഎസ് പതാക നാട്ടി ഫോട്ടോയെടുക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ സ്പെഷൽ സെല്ലിന് ലഭിച്ചിട്ടുണ്ട്. തന്നെ പിടികൂടാനുള്ള നീക്കങ്ങൾ മുന്നിൽ കണ്ട് പുനെയില്‍ നിന്നു കടന്നുകളഞ്ഞ ഷ‌ഹ്നവാസിനെ ഇന്നാണ് ജയ്പുരിൽ നിന്ന് സ്പെഷൽ സെൽ പിടികൂടിയത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 3 ലക്ഷം രൂപ എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സർക്കാരിനെതിരെ യുദ്ധം നടത്തി സമാധാനവും ഐക്യവും തകർത്ത് രാജ്യത്ത് ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. അറസ്റ്റിലായ ഷാമിൽ സാഖിബ് നാചന്റെ വീട്ടിൽനിന്നു സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുകയും ഗൂഢാലോചന നടത്തിയതിന്റെ തെളിവു ലഭിക്കുകയും ചെയ്തു. വിദേശത്തുനിന്നു ലഭിക്കുന്ന നിർദേശങ്ങൾക്ക് അനുസൃതമായാണ് ഇവർ പ്രവര്‍ത്തിച്ചിരുന്നത്.

Related Articles

Latest Articles