Sunday, May 19, 2024
spot_img

കാത്തിരിപ്പുകൾക്കൊടുവിൽ മഴ മാറി! പകല്‍വെളിച്ചത്തില്‍ പൂരപ്രേമികളെ ആവേശത്തിലാക്കി തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടന്നു

തൃശ്ശൂര്‍: മഴയെ തുടർന്ന് മാറ്റിവെച്ച തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടന്നു. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു വെടിക്കെട്ട് ആരംഭിച്ചത്. മൂന്ന് തവണ മാറ്റിവെച്ച ശേഷമാണ് ഉച്ചയോടെ വെടിക്കെട്ട് നടന്നത്.

ആദ്യം പാറമേക്കാവാണ് കരിമരുന്നിന് തിരി കൊളുത്തിയത്. പാറമേക്കാവിന്റെ വെടിക്കെട്ട് ഏകദേശം ആറ് മിനിറ്റോളം നീണ്ടു നിന്നിരുന്നു. പതിവ് പോലെ തന്നെ മൂന്ന് കതിന ആദ്യം പൊട്ടിച്ചുകൊണ്ടായിരുന്നു വെടിക്കെട്ട് ആരംഭിച്ചത്. ഇതിന് ശേഷമായിരുന്നു തിരുവമ്പാടി ദേശത്തിന്റെ വെടിക്കെട്ട് നടന്നത്. 2.40 ഓടെയാണ് തിരുവമ്പാടിയുടെ വെടിക്കെട്ട് ആരംഭിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചായിരുന്നു വെടിക്കെട്ട്.

മഴയ്‌ക്ക് നേരിയ ശമനം വന്നതോടെ രാവിലെയാണ് വെടിക്കെട്ട് ഇന്ന് നടത്താന്‍ ദേവസ്വങ്ങള്‍ തീരുമാനിച്ചത്. മൂന്ന് മണിയ്‌ക്ക് വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇത് പിന്നീട് ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്കാക്കുകയായിരുന്നു. വെടിക്കെട്ടിനായുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴും ജില്ലയില്‍ മഴ ചാറുന്നുണ്ടായിരുന്നു. വെള്ളം കയറാതിരിക്കാന്‍ കുഴികള്‍ പ്ലാസ്റ്റിക് കവര്‍കൊണ്ട് മൂടിയിട്ടിരുന്നു.

ഈ മാസം 10 നായിരുന്നു തൃശ്ശൂര്‍ പൂരം. 11 ന് പുലര്‍ച്ചെ മഴകാരണം വെടിക്കെട്ട് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ മഴ തുടര്‍ന്നതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലൊന്നുംതന്നെ വെടിക്കെട്ട് നടത്താന്‍ സാധിച്ചിരുന്നില്ല. ഏകദേശം 4000 കിലോ വെടിമരുന്ന് ആണ് വെടിക്കെട്ടിനായി ഇരുവിഭാഗങ്ങളുടെയും കൈവശം ഉണ്ടായിരുന്നത്. ഏകദേശം 12 ഓളം ദിവസങ്ങളായി ഇത് ക്ഷേത്രപരിസരത്ത് സൂക്ഷിക്കുകയാണ്. തുടര്‍ന്നും ഇത് സൂക്ഷിക്കുക അസാദ്ധ്യമായതിനെ തുടര്‍ന്നാണ് ഇന്ന് വെടിക്കെട്ട് നടത്താനായിരുന്നു അധികൃതർ തീരുമാനിച്ചത്.

Related Articles

Latest Articles