Tuesday, October 13, 2026

മധ്യപ്രദേശിലെ കാടുകള്‍ പെഞ്ച് കടുവാ സങ്കേതത്തിലെ രാജ്ഞിയുടെ കുഞ്ഞുങ്ങളുടെ ഗര്‍ജ്ജനത്താല്‍ പ്രതിധ്വനിക്കും ; മൃഗസ്‌നേഹികള്‍ക്കിടയില്‍ പ്രിയങ്കരിയായ ‘കോളര്‍വാലി’ യാത്രയായി

ഭോപ്പാല്‍: ഒടുവില്‍ ‘കോളര്‍വാലി’ യാത്രയായി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ പെഞ്ച് ടൈഗര്‍ റിസര്‍വില്‍ 29 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ കോളാര്‍വാലി എന്നറിയപ്പെടുന്ന ടി 15 കടുവയാണ് ചത്തത്.

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീര്‍ഘനാളായി കടുവ ചികിത്സയിലായിരുന്നു. 16 വയസ്സുള്ള കോളര്‍വാലി 2008 മുതല്‍ 2018 വരെ 11 വര്‍ഷത്തിനിടെ 29 കുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്. ഇതില്‍ 25 കുഞ്ഞുങ്ങള്‍ അതിജീവിച്ചതായി അധികൃതര്‍ പറഞ്ഞു.

ജനുവരി 14 നാണ് ക്ഷീണിതയായി കിടക്കുന്ന നിലയിൽ കടുവയെ കണ്ടെത്തിയത്. നടക്കാനുള്ള ബുദ്ധിമുട്ടും പ്രായാധിക്യവും മൂലം അവശനിലയിലായിരുന്ന കടുവയെ ഡോക്ടർമാരുടെ നിരീക്ഷണത്തിലാക്കി.

തുടർന്ന് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 6.15 ഓടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ അലോക് മിശ്ര പ്രതികരിച്ചു.

വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം ആന്തരികാവയവങ്ങള്‍ തകരാറിലായതാണ് കടുവയുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരം ലഭ്യമാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.

സഞ്ചാരപാത മനസിലാക്കുന്നതിനായി കടുവയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തനം നിലച്ചതോടെ 2010 ല്‍ വീണ്ടും മാറ്റി പുതിയവ സ്ഥാപിക്കേണ്ടതായി വന്നു.

ടി 7 എന്നറിയപ്പെടുന്ന കടുവയുടെ കുഞ്ഞാണ് കോളര്‍വാലി. 2008 ല്‍ കടുവ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെങ്കിലും അവ ചത്തു.

2010 ഒക്ടോബറില്‍ അഞ്ചു കടുവകള്‍ക്ക് ജന്മം നല്‍കുന്നതോടെയാണ് മൃഗസ്‌നേഹികള്‍ക്കിടയില്‍ ‘കോളര്‍വാലി’ പ്രിയങ്കരിയാവുന്നത്.

അതേസമയം കടുവകള്‍ ഒരേ വനപ്രദേശത്ത് തുടരുന്നത് അപൂര്‍വമാണ്. എന്നാല്‍ ഒരേ പ്രദേശത്ത് 16 വര്‍ഷം തുടര്‍ച്ചയായി താമസിച്ച റെക്കോഡിന്റെ ഉടമയാണ് കോളര്‍വാലി. മധ്യപ്രദേശിലെ കടുവകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് കോളര്‍വാലിയിലൂടെയാണ്.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കടുവയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മധ്യപ്രദേശിലെ കാടുകള്‍ പെഞ്ച് കടുവാ സങ്കേതത്തിലെ രാജ്ഞിയുടെ കുഞ്ഞുങ്ങളുടെ ഗര്‍ജ്ജനത്താല്‍ പ്രതിധ്വനിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Related Articles

Latest Articles