Thursday, October 29, 2026

ടൈറ്റാനിയം തട്ടിപ്പ്: അന്വേഷണത്തിൽ വൻ ട്വിസ്റ്റ്
ശ്യാംലാലിന് എംഎൽഎമാരുമായി അടുത്തബന്ധമെന്ന് മൊഴിയെത്തുടർന്ന്
അന്വേഷണം MLA ഹോസ്റ്റലിലേക്ക്

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പുകേസിലെ അന്വേഷണം എം.എൽ.എ. ഹോസ്റ്റലിലേക്ക്. പ്രധാനപ്രതി ശ്യാംലാലിന് എം.എൽ.എമാരുമായി അടുത്ത ബന്ധമെന്ന് റിസപ്ഷനിസ്റ്റ് മനോജിൻ്റെ മൊഴിയെത്തുടർന്നാണ് അന്വേഷണം എം.എൽ.എ. ഹോസ്റ്റലിലേക്ക് വ്യാപിപ്പിച്ചത്. ആദ്യഘട്ടത്തിൽ മൊഴി നൽകിയ മനോജ് ഇപ്പോൾ ഒളിവിലാണ്.

കേസിലെ പ്രധാനപ്രതികളിൽഒരാളായ ശ്യാംലാൽ എം.എൽ.എ. ഹോസ്റ്റലിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്നും എം.എൽ.എമാരിൽ ചിലരുമായി ശ്യാംലാലിന് അടുത്തബന്ധമുണ്ടെന്നും പോലീസ് വിവരം ലഭിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തട്ടിപ്പിനെപ്പറ്റി ആദ്യമായി പരാതി ലഭിച്ചപ്പോഴായിരുന്നു പോലീസ് മനോജിന്റെ മൊഴിയെടുത്തത്. എം.എൽ.എ. ഹോസ്റ്റലിൽ വെച്ചാണ് ശ്യാംലാലിനെ മനോജ് പരിചയപ്പെടുന്നത്. ശ്യാംലാലിന് മനോജ് കാര്‍ വാങ്ങി നൽകി. മനോജ് വാങ്ങി നൽകിയ ഈ കാറിലാണ് ശ്യാംലാൽ ഉദ്യോഗാർഥികളെ ടൈറ്റാനിയത്തിൽ അഭിമുഖത്തിനായി എത്തിച്ചിരുന്നതെന്നുമാണ് വിവരം.

തട്ടിപ്പിൽ പങ്കാളിയായ അനിൽകുമാർ എം.എൽ.എ. ഹോസ്റ്റലിലെ കോഫി ഹൗസ് ജീവനക്കാരനും സി.ഐ.ടി.യു. നേതാവുമാണ്. ഇതോടെ തട്ടിപ്പിന് പിന്നിൽ ഉന്നതബന്ധങ്ങളുണ്ടെന്ന സംശയം കൂടുതൽ ശക്തമാവുകയാണ്.

കേസിൽ ഇതുവരെയായി ഒന്നാംപ്രതി ദിവ്യ ജ്യോതി മാത്രമാണ് അറസ്റ്റിലായത്. പ്രധാനപ്രതികളായ ശശികുമാരൻ തമ്പി, ശ്യാംലാൽ, പ്രേംകുമാർ, മനോജ്, ദിവ്യയുടെ ഭർത്താവ് രാജേഷ് എന്നിവർ ഒളിവിലാണ്.

Related Articles

Latest Articles