ജയ്പുര്: രാജസ്ഥാനില് അധ്യാപകനിയമന പരീക്ഷയുടെ ചോര്ന്ന ചോദ്യപേപ്പറുകള് ഓടിക്കൊണ്ടിരിക്കുന്ന ബസില് നിന്ന് കണ്ടെത്തി. 42 ഉദ്യോഗാര്ഥികള് ബസ്സിലുണ്ടായിരുന്നു. പരീക്ഷാര്ഥികളുമായി വരുന്ന ബസ്സില് ചോദ്യപേപ്പറുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സ്പെഷല് ഓപ്പറേഷന്സ് ഗ്രൂപ്പ് ബസ് പരിശോധിച്ചത്. ഉദയ്പുരിനടുത്തുവെച്ചാണ് ബസില് നിന്നും ചോദ്യപേപ്പറുകള് കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ പരീക്ഷ റദ്ദാക്കി.
വെള്ളിയാഴ്ച രാത്രിയാണ് ബസിലുണ്ടായിരുന്ന നാല്പതുപേര്ക്ക് പേപ്പര് ചോര്ന്നുകിട്ടിയത്. ഇവരില് ഏഴോളം പേര് വ്യാജ ഉദ്യോഗാര്ഥികളാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഉദ്യാർത്ഥികളെ പരീക്ഷയെഴുതാന് സഹായിച്ചുകൊണ്ടിരുന്ന ഏഴ് സ്വകാര്യ- സര്ക്കാര് സര്വീസിലുള്ള അധ്യാപകരും ബസിലുണ്ടായിരുന്നു. ചോദ്യപേപ്പര് ചോര്ത്തുന്നസംഘത്തിലെ പ്രധാനി ജോധ്പൂര് സ്വദേശിയാണെന്നും ഇയാള് ഓരോ ഉദ്യോഗാര്ഥിയില് നിന്നും അഞ്ചുമുതല് എട്ട് ലക്ഷം രൂപവരെ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി.
സീനിയര് അധ്യാപക നിയമനത്തിനുള്ള പരീക്ഷയായിരുന്നു ശനിയാഴ്ച നടക്കേണ്ടിയിരുന്നത്. നാലുലക്ഷത്തോളം പേരായിരുന്നു പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്. രാജസ്ഥാന് പബ്ലിക്ക് സര്വീസ് കമ്മിഷന് നടത്തുന്ന പരീക്ഷകളില് ചോദ്യപേപ്പര് ചോര്ച്ചയുണ്ടാവുന്ന ഒമ്പതാമത്തെ പ്രധാനപരീക്ഷയാണിത്.
അധ്യാപകനിയമന പരീക്ഷയിലെ പൊതുവിഞ്ജാനത്തിന്റെ ചോദ്യപേപ്പറാണ് ചോര്ന്നത്. മാറ്റിവെച്ച പരീക്ഷയ്ക്ക് പകരം ഡിസംബര് 29 ഞായറാഴ്ച പരീക്ഷ നടത്തും. കഠിനാധ്വാനികളായ യുവാക്കളോട് നീതികേട് കാണിക്കുകയില്ലെന്നും മറ്റുള്ള പരീക്ഷകള് സാധാരണ നിലയില് നടക്കുമെന്നും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു.

