ദില്ലി: രാഹുൽ ഗാന്ധിക്ക് ശേഷം പാർലമെന്റിൽ നിന്ന് പുറത്താകുക കേരളത്തിൽ നിന്നുള്ള എം പി മാരായ ടി എൻ പ്രതാപനും ഹൈബി ഈഡനും? ഇന്ന് പാർലമെന്റിൽ നടന്ന ബഹളത്തിനിടെ രാഹുൽഗാന്ധിയുടെ അയോഗ്യത അറിയിച്ചുകൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം സ്‌പീക്കർക്ക് നേരെ കീറിയെറിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു കോൺഗ്രസ് എം പി മാരായ പ്രതാപനും ഹൈബി ഈഡനും. ഇവരെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന. ഇരുവരുടെയും പ്രതിഷേധം അതിരുകടന്നുവെന്ന നിഗമനത്തിലാണ് സ്പീക്കര്‍ നടപടിക്കൊരുങ്ങുന്നത്.
മോദി പരാമര്‍ശത്തിന്റെ പേരിലുണ്ടായ അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി രാഹുലിനെ ശിക്ഷിച്ചതോടെ രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദായിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയെ മോഡി സർക്കാർ അയോഗ്യനാക്കി എന്നാരോപിച്ചാണ് കോൺഗ്രസ് ഇന്ന് പാർലമെന്റിന്റെ ഇരു സഭകളും സ്തംഭിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ഉന്നത മന്ത്രിമാരുമായി പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തി. ധനമന്ത്രി നിര്‍മലാ സീതാരാമന്‍, നിയമമന്ത്രി കിരണ്‍ റിജ്ജു, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

