Wednesday, May 15, 2024
spot_img

ഇന്ന് ഋഷിപഞ്ചമി; വിശ്വസൃഷ്ടിയുടെ ഉത്സവം, വിശ്വകര്‍മ്മാവ് വേദം പകര്‍ന്നു നല്‍കിയ പുണ്യതിഥി

ഭാദ്രമാസത്തിലെ വെളുത്തപക്ഷ പഞ്ചമി നാളില്‍ ലോക സൃഷ്ടാവായ വിശ്വകര്‍മ ദേവന്‍ സ്വപുത്രന്മാരായ മനു, മയ, ത്വഷ്ട, ശില്‍പി, വിശ്വജ്ഞ എന്നീ പഞ്ചഋഷികള്‍ക്ക് തന്‍റെ വിശ്വസ്വരൂപം ദര്‍ശനം നല്‍കി അനുഗ്രഹിച്ചതിന്‍റെ സ്മരണ പുതുക്കിയാണ് ഋഷിപഞ്ചമി കൊണ്ടാടുക. ഋഷിപഞ്ചമി വിശ്വകര്‍മ്മ ജയന്തിയായി ആഘോഷിക്കും.

ഋഷിപഞ്ചമിയെക്കുറിച്ച് ഒരുപാട് കഥകൾ പറഞ്ഞ് കേൾക്കാറുണ്ട്. പ്രധാനമായും പറയുന്നത് പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചറിയുവാന്‍ ധ്യാനനിരതരായി ഉഗ്രതപം ചെയ്ത അഞ്ചു ഋഷിമാരായ പുത്രന്മാരുടെ മുന്നില്‍ പരമപിതാവായ വിശ്വകര്‍മ്മ ഭഗവാന്‍ പ്രത്യക്ഷമായ തിഥിയാണ് ഋഷിപഞ്ചമി എന്നാണ്. അവരത്രെ സനക, സനാതന, അഭുവനസ, പ്രജ്ഞസ, സുവര്‍ണ്ണസ എന്നീ ഋഷിമാര്‍. അവര്‍ തന്നെയാണ് ആദിബ്രഹ്മാക്കളായ മനു, മയ, ത്വഷ്ട, ശില്പി, വിശ്വജ്ഞ. പ്രപഞ്ചസ്രഷ്ടാവും ജഗത് പാലകനും ബ്രഹ്മാണ്ഡസ്വരൂപനും ഏകനുമായ പരമാത്മാവായ വിശ്വകര്‍മ്മ ഭഗവാനെന്നും അഞ്ചുവേദങ്ങളിലും പ്രതിപാദിക്കുന്ന, അഞ്ചാമത്തെ വേദമായ പ്രണവവേദത്തെ യജ്ഞകര്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കാതിരുന്നതുകൊണ്ട് നൂറ്റാണ്ടുകളായി നമുക്കന്യമായി. പ്രണവവേദം ശാസ്ത്രസത്യങ്ങളുടെ, താരാപഥങ്ങളുടെ, സൗരയൂഥത്തിന്റെ, നിര്‍മ്മാണകലയുടെ, ഗോളശാസ്ത്രത്തിന്റെ, ഗണിതവിജ്ഞാനത്തിന്റെ, അപാരമായ അറിവുകളുടെ നിധി ശേഖരമാണ്.

പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങളുടെയും സൃഷ്ടികര്‍ത്താവ് സ്വയംഭൂവായ വിശ്വബ്രഹ്മാവാണ്. ബ്രഹ്മം അദൃശ്യമാണ്. അതിന്‍റെ ദൃശ്യ രൂപത്തെയാണ് നമ്മള്‍ വിശ്വബ്രഹ്മാവ് എന്നും വിരാട് ബ്രഹ്മാവെന്നും വിളിക്കുന്നത്. വിശ്വകര്‍മ്മാവില്‍ നിന്നും നേരിട്ട് ഉല്‍ഭവിച്ചവരാണ് വിശ്വകര്‍മ്മാക്കള്‍ എന്നാണ് വിശ്വാസം.

ഋഷിപഞ്ചമിയെ കുറിച്ചുള്ള മറ്റൊരു വിശ്വാസമാണ് സ്വയംഭൂവായ വിശ്വകര്‍മ്മ പരമേശ്വരന്‍ പ്രപഞ്ചപാലനത്തിനായി മന്വാദികര്‍ക്ക് വേദരഹസ്യങ്ങള്‍ പകര്‍ന്നു നല്‍കുവാന്‍ പ്രത്യക്ഷമായ ഋഷിപഞ്ചമി ജ്ഞാനവിജ്ഞാനങ്ങളുടെ ഗരിമയുയര്‍ത്തുന്ന പുണ്യദിനമാണെന്നത്. നവരാത്രി ആഘോഷങ്ങൾക്ക് കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നവരാത്രി ആഘോഷങ്ങളുടെ പ്രധാനമായ അക്ഷര പൂജ ആരംഭിക്കുന്നത് വിശ്വകര്‍മ്മ പൂജയിലൂടെയാണ്. നവരാത്രി ആഘോഷങ്ങള്‍ സമാപിക്കുന്നതും ലോകേശനും മഹേശ്വരനുമായ വിശ്വകര്‍മ്മ പരബ്രഹ്മത്തെ പ്രസന്നമാകുന്ന സംഗീതസാഹിത്യ വേദിയിലൂടെയാണ്.

ഋഷിപഞ്ചമിയുടെ ഉല്‍ഭവമെന്നോണം മറ്റൊരു കഥയും പറഞ്ഞു കേൾക്കുന്നുണ്ട്. മൂലസ്തംഭ പുരാണം പറയുന്നത് വിശ്വകര്‍മ്മാവ് സ്വയം ഉല്‍ഭവിച്ചു എന്നാണ്. അപ്പോള്‍ പ്രപഞ്ചത്തില്‍ ഒന്നുമില്ലായിരുന്നു. അദ്ദേഹം ആദ്യം ത്രിമൂര്‍ത്തികളെ സൃഷ്ടിച്ചു. ഇന്ദ്രാദി ദേവന്മാരെയും സപ്ത ഋഷിമാരെയും നവ ഗ്രഹങ്ങളെയും 27 നക്ഷത്രങ്ങളെയും അഞ്ച് വേദങ്ങളെയും ലോകത്തെയും സൃഷ്ടിച്ചു. ഇതിനു ശേഷം സൃഷ്ടിയുടെ ചുമതല ബ്രഹ്മദേവനെയും സംരക്ഷിക്കാനുള്ള ചുമതല വിഷ്ണുവിനെയും സംഹരിക്കാനുള്ള ചുമതല മഹേശ്വരനെയും ഏല്‍പ്പിച്ചു.

മറ്റെല്ലാവര്‍ക്കും ചുമതലകള്‍ ഓരോന്നും നല്‍കി. വേദങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും യാഗങ്ങള്‍ നടത്താനും മറ്റുമായി ഋഷീശ്വരന്മാരെ ചുമതലപ്പെടുത്തി വിശ്വകര്‍മ്മാവ് അപ്രത്യക്ഷനായി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിശ്വകര്‍മ്മാവിനെ കാണണമെന്ന ആഗ്രഹംഅവർക്ക് കലശലായി അപ്പോൾ പഞ്ച ഋഷിമാരുടെ ഉപദേശം അനുസരിച്ച് ഭാദ്രപാദ മാസത്തിലെ ശുക്ലപക്ഷ പ്രഥമ മുതല്‍ പഞ്ചമി വരെ അവര്‍ ധ്യാനിക്കാന്‍ തുടങ്ങി. ദേവന്മാര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട വിശ്വകര്‍മ്മ ദേവന്‍ പറഞ്ഞു, അഞ്ച് ഋഷിമാരുടെ നിര്‍ദ്ദേശ പ്രകാരം എന്നെ ആരാധിച്ച ദിവസം ഋഷിപഞ്ചമി ദിവസമായി അറിയപ്പെടുമെന്ന്. അങ്ങനെയാണ് ഋഷിപഞ്ചമി ഉണ്ടായതത്രേ.

Related Articles

Latest Articles